വെള്ളക്കെട്ടിന് പരിഹാരമായില്ല: സര്‍വീസ് റോഡ് പ്രവൃത്തിയില്‍ വീണ്ടും അനിശ്ചിതത്വം

മൊഗ്രാലില്‍ സര്‍വീസ് റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട്
മൊഗ്രാല്‍: മൊഗ്രാലില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ദേശീയപാത സര്‍വീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ നടപടികളായില്ല. സര്‍വീസ് റോഡിലെ പ്രവൃത്തിയിലും അനിശ്ചിതത്വം തുടരുന്നു. ജോലിക്കാരുടെ കുറവും വിഷു, ഈസ്റ്റര്‍ അവധിയും പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്. കുത്തിയൊലിച്ചുവരുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതാണ് മൊഗ്രാല്‍ സര്‍വീസ് റോഡിലെ പ്രശ്‌നം. നിര്‍മ്മാണ കമ്പനിക്കാര്‍ വെള്ളം പഞ്ചായത്ത് ടി.വി.എസ് റോഡിലേക്ക് ഒഴുക്കി വിടാമെന്നാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ ഇതിനെ എതിര്‍ക്കുന്നു. ടി.വി.എസ് റോഡില്‍ ഓവുചാല്‍ സംവിധാനം ഇല്ലാത്തത് വെള്ളക്കെട്ട് മൂലം മഴക്കാലത്ത് കാല്‍നടയാത്രക്കാര്‍ക്കും സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ദുരിതമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഴക്കാലത്ത് മൊഗ്രാലിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുത്തിയൊലിച്ചുവരുന്ന വെള്ളമാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ദേശീയപാത സര്‍വീസ് റോഡിലെ കലുങ്കിലൂടെ ഒഴുകിവരുന്നത്. ഇത്രയും വെള്ളം ഉള്‍ക്കൊള്ളാന്‍ ദേശീയപാതയില്‍ നിര്‍മ്മിക്കുന്ന ഓവുചാലിന് ശേഷിയില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഈ വിഷയമാണ് സര്‍വീസ് റോഡ് മൊഗ്രാലില്‍ ഒരു മാസക്കാലം അടച്ചിടാന്‍ ഇടയാക്കിയതും. വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി റോഡ് തുറന്നുകൊടുത്തുവെങ്കിലും വെള്ളക്കെട്ട് പരിഹാര വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്. പൈപ്പുകള്‍ സ്ഥാപിച്ച് പ്രശ്‌നപരിഹാരം കാണാനാവുമോ എന്നത് പഠിച്ചു വരികയാണെന്ന് നിര്‍മ്മാണ കമ്പനി അധികൃതര്‍ പറയുന്നുണ്ട്.