ആധാറും വോട്ടര്‍ ഐഡിയുമില്ല; വോട്ട് ചെയ്യാന്‍ ആശവെച്ച് സര്‍ക്കസ് കലാകാരി

കാഞ്ഞങ്ങാട്: 26 വയസായിട്ടും ഇതുവരെ വോട്ട് ചെയ്യാത്ത സര്‍ക്കസ് കലാകാരി തലശേരിക്കാരി ബേബിക്ക് വോട്ട് ചെയ്യാന്‍ വലിയ ആഗ്രഹം. സ്വന്തം മേല്‍വിലാസമുണ്ടെങ്കിലും ഇവിടെ സ്ഥിര താമസമില്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡുമില്ല വോട്ടര്‍ ഐഡിയുമില്ല. അതിനാല്‍ വോട്ടറുമല്ല. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും ഇതൊന്നുമില്ലാതെ എന്തു ചെയ്യുമെന്ന് പറഞ്ഞ് സങ്കടപ്പെടുകയാണ് ബോംബെ സര്‍ക്കസിലെ ഏക മലയാളി കലാകാരി. വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ട് സാറേ... ഞാനെന്തു ചെയ്യും... അധികൃതരോട് പറഞ്ഞാല്‍ പറയും ആറുമാസം വീട്ടിലിരിക്കൂവെന്ന്. ഇതു ഞാന്‍ ചെയ്താല്‍ എന്റെ അമ്മ പട്ടിണിയാകും.

മകളെയും നോക്കണം ഭര്‍ത്താവിനും ആരോഗ്യ പ്രശ്‌നമുണ്ട്. ഇതൊക്കെ കണ്ട് എങ്ങനെ ആറുമാസം വീട്ടില്‍ നില്‍ക്കാനാകുമെന്ന് കലാകാരി ചോദിക്കുന്നു. ഒരു ദിവസം പോലും പണിയെടുക്കാതെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇവര്‍ സങ്കടത്തോടെ പറയുന്നു. തമ്പുകള്‍ മാറിമാറി പോകേണ്ടി വരുമ്പോള്‍ എങ്ങനെയാണ് ഒരു സ്ഥലത്ത് ആറ് മാസം കഴിയുകയെന്ന ഇവരുടെ ചോദ്യം പ്രസക്തമാണ്. നന്നേ കുഞ്ഞും നാളില്‍ വീട്ടിലെ ദാരിദ്ര്യം ദുരിതവും കാരണം സര്‍ക്കസ് പഠിക്കാന്‍ പോയതാണ്. സര്‍ക്കസ് പഠിക്കാനാണ് പോകുന്നതെന്ന് പോലും അറിയാന്‍ കഴിയാത്ത പ്രായമായിരുന്നു. ഭക്ഷണം കിട്ടും കളിക്കാനും സൗകര്യമുണ്ടാകും എന്ന് വിചാരിച്ചാണ് പോയത്. പിന്നീട് വിവിധ സര്‍ക്കസ് ഇനങ്ങള്‍ പഠിച്ചു. ഇപ്പോള്‍ സര്‍ക്കസ് കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹിറ്റ് ഇനമായ ലൂസ് വയര്‍ കപ്പ് ആന്റ് സോസര്‍ നിഷ്പ്രയാസം ചെയ്യുന്ന ഈ കലാകാരിയുടെ ഏറ്റവും വലിയ ആവശ്യം ആധാര്‍ കാര്‍ഡ് ലഭിക്കുക എന്നതാണ്. അമ്മക്കും മകള്‍ക്കുമൊക്കെ ആധാര്‍ കാര്‍ഡുണ്ടെങ്കിലും ബേബിക്ക് ഇതില്ലാത്തത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഈയൊരു പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ സഹായിക്കണമെന്നാണ് ബേബി പറയുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it