എന്‍.എച്ച് അന്‍വര്‍ അനുസ്മരണം: മാധ്യമ സെമിനാര്‍ മൂല്യച്യുതിയെ കുറിച്ചുള്ള ചര്‍ച്ചാ വേദിയായി

സി.ഒ.എ സ്ഥാപക നേതാവ് നാസര്‍ ഹസ്സന്‍ അന്‍വറിന്റെ 9-ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായി നടന്ന അന്‍വറോര്‍മ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: എന്‍.എച്ച് അന്‍വര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ ചൂടേറിയ സംവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. മാധ്യമ മേഖലയില്‍ ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന മൂല്യച്യുതി വിഷയാവതകരനും അനുസ്മരണ പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടി എണ്ണിയെണ്ണി നിരത്തിയപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം സമൂഹമാണെന്ന് തുടര്‍ന്ന് സംസാരിച്ച റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സി.ഒ.എ സ്ഥാപക നേതാവ് നാസര്‍ ഹസ്സന്‍ അന്‍വറിന്റെ 9-ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായാണ് കാസര്‍കോട് ആര്‍.കെ മാളില്‍ അന്‍വറോര്‍മ അനുസ്മരണ പരിപാടിയും സെമിനാറും സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാലത്തെ അടയാളപ്പെടുത്തിയ മനുഷ്യസ്‌നേഹിയാണ് എന്‍.എച്ച് അന്‍വര്‍ എന്ന് അദ്ദേഹം പറഞ്ഞു. എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാനും മലയാളം ന്യൂസ് എം.ഡിയുമായ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് അസി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാറും സെമിനാറില്‍ സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് വരച്ച ഛായാചിത്രം ചടങ്ങില്‍ എന്‍.എച്ച് അന്‍വറിന്റെ പത്നി ആശ അന്‍വറിന് കൈമാറി. ലേക്‌ഷോര്‍ വി.പി.എസ് എം.ഡി അഡ്വ. എസ്.കെ. അബ്ദുല്ല, എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ട്രഷറര്‍ കെ. വിജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചാരിറ്റി ഫണ്ട് സമര്‍പ്പണം നടത്തി. സി.ഒ.എ. ജില്ലാ പ്രസിഡണ്ട് മനോജ്കുമാര്‍ വി.വി, കേരളവിഷന്‍ ചാനല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ. പാക്കം, സി.സി.എന്‍. എം.ഡി മോഹനന്‍ ടി.വി, സി.ഒ.എ മേഖലാ സെക്രട്ടറിമാരായ പാര്‍ത്ഥസാരഥി കെ., പ്രകാശന്‍ പി., ബൈജു രാജ് സി.പി തുടങ്ങിയവര്‍ സംബന്ധിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ സ്വാഗതവും കേരളവിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.