വിസ്മയ പാര്‍ക്കില്‍ പുതിയ ഇറ്റാലിയന്‍ റൈഡ് 'റോഡിക്സ്' പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ പുതിയ ഇറ്റാലിയന്‍ അഡ്വഞ്ചര്‍ റൈഡ് 'റോഡിക്സ്' റൈഡിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയര്‍മാന്‍ പി.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. 15 കോടി രൂപയോളം വില വരുന്ന ഈ റൈഡിന്റെ നിര്‍മ്മാതാക്കള്‍ ഇറ്റാലിയന്‍ കമ്പനിയായ മോസറാണ്. റൈഡിന്റെ ഇന്‍സ്റ്റാലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇറ്റലിയില്‍ നിന്ന് എത്തിയ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ആണ് നടന്നത്. സഹകരണ മേഖലയിലെ പ്രഥമ അമ്യൂസ്‌മെന്റ് പാര്‍ക്കായ വിസ്മയ രാജ്യത്തെ വന്‍കിട പാര്‍ക്കുകളോട് കിടപിടിക്കത്തക്ക നിലയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്നതാണ് വിസ്മയയിലെ ഓരോ റൈഡുമെന്ന് പ്രൊമോട്ടര്‍മാര്‍ പറഞ്ഞു. ലോക ടൂറിസം രംഗത്തും അമ്യൂസ്‌മെന്റ് പാര്‍ക്ക് മേഖലയിലുമായുണ്ടാകുന്ന പുതുമകളും കാലാനുസൃതമായ മാറ്റങ്ങളും മനസ്സിലാക്കി നടപ്പിലാക്കുന്നതാണ് വിസ്മയ പാര്‍ക്കിന്റെ വിജയ രഹസ്യം. സന്ദര്‍ശകര്‍ക്ക് അത്യന്തം ആവേശവും ഉല്ലാസവും പ്രദാനം ചെയ്യുന്ന നിലവിലുളള നിരവധി റൈഡുകള്‍ക്കൊപ്പം പുതിയ റോഡിക്സ് അഡ്വഞ്ചര്‍ റൈഡ് സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുഭവം ആകുമെന്നതില്‍ സംശയമില്ല. കൂടാതെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി പ്രത്യേക ഇവന്റുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. വിസ്മയ പാര്‍ക്ക് വിജയകരമായ 17 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കെ. സന്തോഷ് (വൈസ് ചെയര്‍മാന്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്) സ്വാഗതവും ഇ. വൈശാഖ് (മാനേജിംഗ് ഡയറക്ടര്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്) നന്ദിയും അറിയിച്ചു. ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍, ഹാന്‍വീവ്), പി.പി ഗംഗാധരന്‍ (കൗണ്‍സിലര്‍, ആന്തൂര്‍ നഗരസഭ), അജേഷ് ആര്‍.കെ. (സൂപ്രണ്ട് എ.ആര്‍ ഓഫീസ്, കണ്ണൂര്‍), പി.കെ മുജീബ് റഹ്മാന്‍(സി.പി.ഐ. തളിപ്പറമ്പ മണ്ഡലം), വല്‍സന്‍ കടമ്പേരി (കോണ്‍ഗ്രസ് ഐ), സമദ് കടമ്പേരി (ഐ.യു.എംഎല്‍), എം. ദാമോദരന്‍ (ഡയറക്ടര്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്), ഒ. സുഭാഗ്യം (ഡയറക്ടര്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്), കെ. രാജീവന്‍ (സെക്രട്ടറി കണ്ണൂര്‍ ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍) എന്നിവര്‍ സംസാരിച്ചു.

