വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പില്‍ നവീന്‍ പുലിഗില്ല-മൂസാ ഷരീഫ് സഖ്യത്തിന് രണ്ടാം സ്ഥാനം

ഡബ്ല്യൂ.ആര്‍.സി 3 വിഭാഗത്തില്‍ ചരിത്ര നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ട്

കാസര്‍കോട്: ഇന്ത്യന്‍ റാലി ചരിത്രത്തില്‍ ഒരു പുതുവഴിത്തിരിവ് സൃഷ്ടിച്ച് സൗദി അറേബ്യ റാലി 2025ലെ ഡബ്ല്യൂ.ആര്‍.സി 3 വിഭാഗത്തില്‍ ഹൈദരാബാദിലെ നവീന്‍ പുലിഗില്ലയും കോഡ്രൈവര്‍ മൂസ ഷരീഫും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പോഡിയം (ആദ്യ മൂന്ന് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന) നേടുന്ന ആദ്യ പൂര്‍ണ്ണ ഇന്ത്യന്‍ കൂട്ടുകെട്ടായി ഇവര്‍ മാറി. വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് 2025ലെ ഡബ്ല്യൂ.ആര്‍.സി 3 വിഭാഗത്തില്‍ ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ആഗോള വേദിയില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ചരിത്ര നേട്ടമാണ് ഈ സഖ്യം കുറിച്ചത്. 41 ടീമുകള്‍ പങ്കെടുത്ത റാലിയില്‍ 4 മണിക്കൂര്‍, 28 മിനിറ്റ്, 58 സെക്കന്റ് സമയത്തിലാണഅ ഈ സഖ്യം മത്സരം പൂര്‍ത്തിയാക്കിയത്. കെനിയയിലെ നൈറോബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഫ്രിക്ക ഇക്കോ സ്പോര്‍ട്‌സ് തയ്യാറാക്കിയ ഫോര്‍ഡ് ഫിയസ്റ്റ റാലി-3 കാര്‍ ഉപയോഗിച്ചാണ് ഇവര്‍ മത്സരത്തിനിറങ്ങിയത്. ഹ്യൂണ്ടായ്, ടൊയോട്ട, എംസ്‌പോര്‍ട്ട് ഫോര്‍ഡ് തുടങ്ങിയ ഫാക്ടറി ടീമുകളുടെ ശക്തമായ റാലി 1, റാലി 2 കാറുകള്‍ നിറഞ്ഞ മത്സരമേഖലയില്‍ ഈ നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നത് ഈ വിജയത്തിന് തിളക്കം പകരുന്നു. ഡബ്ല്യൂ.ആര്‍.സിയിലെ ഏതൊരു വിഭാഗത്തിലും ഒരു ഇന്ത്യന്‍ ഡ്രൈവര്‍-കോ ഡ്രൈവര്‍ കൂട്ടുകെട്ടിന് ആദ്യമായാണ് പോഡിയം ലഭിക്കുന്നത്. ഗൗരവ് ഗില്‍ പോലുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിദേശ കോഡ്രൈവര്‍മാരുമായി മത്സരിച്ചപ്പോഴേക്കാള്‍ വ്യത്യസ്തമായി, പുലിഗില്ല-മൂസ ഷെരീഫ് കൂട്ടുകെട്ട് 17 കഠിന സ്‌പെഷല്‍ സ്റ്റേജുകളിലൂടെയും സാഹസികത നിറഞ്ഞ വഴികളിലൂടെയും മാറിമാറുന്ന മണല്‍തിട്ടകളിലൂടെയും തകര്‍ന്ന മരുഭൂമി ട്രാക്കുകളിലൂടെയും ചീറിപാഞ്ഞാണ് വിജയം കൈവരിച്ചത്. വേഗത്തില്‍ മാറിമാറിയുന്ന മരുഭൂമി ഭൂപ്രകൃതിയില്‍ കൃത്യവും സ്ഥിരതയയുമാര്‍ന്ന നാവിഗേഷന് ഏറെ പ്രാധാന്യമുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ മൂസാ ഷരീഫിന് സാധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it