ദേശീയപാത: മൊഗ്രാല്‍പുത്തൂരില്‍ ആശങ്ക ഒഴിയുന്നില്ല; എക്‌സിറ്റ് പോയിന്റ് അടക്കാനുള്ള നീക്കം വീണ്ടും തടഞ്ഞു

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധം ഉയരുന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ അണ്ടര്‍പാസിന് തൊട്ട് മുമ്പുള്ള പ്രധാന റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്കുള്ള എക്‌സിറ്റ് പോയിന്റ് ശക്തമായ മഴക്കിടയില്‍ വീണ്ടും അടക്കാനുള്ള നീക്കം സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍പുത്തൂര്‍ എസ്.എം.സി ചെയര്‍മാന്‍ മഹമൂദ് ബള്ളൂര്‍, യൂത്ത് ലീഗ് നേതാവ് പി.ബി.എസ് ഷഫീഖ് എന്നിവര്‍ സ്ഥലത്തെത്തി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇന്നലെ എക്‌സിന്റ് പോയിന്റ് പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷെമീറ ഫൈസലിന്റെ ചേമ്പറില്‍ നിര്‍മ്മാണ കമ്പനി പ്രതിനിധി ഉള്‍െപ്പടെയുള്ളവരുടെ യോഗം ചേര്‍ന്നു. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും ഗവ. ആസ്പത്രിയും മറ്റു സ്ഥാപനങ്ങളും ഇവിടെയുണ്ട്. കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ഇവിടെ എത്താനുള്ള ഏക ആശ്രയം മൊഗ്രാല്‍പുത്തൂര്‍ അടിപ്പാതയാണ്. കാസര്‍കോട് നിന്ന് വരുമ്പോള്‍ അണ്ടര്‍ പാസിന് തൊട്ട് മുമ്പുള്ള വഴിയിലൂടെ സര്‍വീസ് റോഡിലേക്കുള്ള വഴിയില്‍ പ്രവേശിച്ചാല്‍ മാത്രമെ മൊഗ്രാല്‍പുത്തൂര്‍ അണ്ടര്‍ ബ്രിഡ്ജിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ യോഗത്തില്‍ അറിയിച്ചു. കാസര്‍കോട് ഭാഗത്ത് നിന്ന് വരുമ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണിനെ സൂചിപ്പിച്ചുള്ള സ്ഥലനാമ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ഇവിടേക്കെത്തുന്ന യാത്രക്കാര്‍ക്ക് ഇതും ദുരിതമാവും. മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ നിലവിലുള്ള വഴിയും അടക്കാന്‍ തീരുമാനിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. ഇവിടെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ദുരിതം പരിഹരിക്കാതെ നിര്‍മ്മാണ പ്രവൃത്തിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധത്തിന് മുസ്ലിംലീഗ് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it