'നമ്മടെ കാസ്രോഡ്' ചര്‍ച്ച വഴിത്തിരിവായി; വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ ജില്ലാ കലക്ടറെത്തി

കാസര്‍കോട്: അവഗണന നേരിടുന്ന വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ് എസ്റ്റേറ്റ് സന്ദര്‍ശിച്ചു. 'നമ്മടെ കാസ്രോഡ്' വികസന ചര്‍ച്ചയില്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ ഭാരവാഹികള്‍ വ്യവസായ എസ്റ്റേറ്റിലെ സംരംഭകരുടെ ദുരിതാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് വിഷയത്തിന് പരിഹാരം കാണുന്നതിന് സാധ്യത തെളിഞ്ഞത്.

പൊട്ടിപ്പൊളിഞ്ഞ റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ അപര്യാപ്തത, സാമൂഹ്യ വിരുദ്ധരുടെ ശല്യം, ഡ്രൈയിനേജ് സൗകര്യമില്ലാത്തത്, സെയില്‍ ഡീഡ് നല്‍കുന്നതിലെ അനിശ്ചിതത്വം തുടങ്ങി നിരവധി വിഷയങ്ങള്‍ കെ.എസ്.എസ്.ഐ.എ നേതാക്കളും സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം ഭാരവാഹികളും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. കാഞ്ഞങ്ങാട് മിനി എസ്റ്റേറ്റിലെ പട്ടയ പ്രശ്‌നവും ദേശീയപാതക്ക് വേണ്ടി വിട്ടു നല്‍കിയ ഭൂമിക്ക് നഷ്ട പരിഹാരം ലഭ്യമാക്കാത്തതടക്കമുള്ള വിഷയങ്ങളും കലക്ടറുടെ മുമ്പാകെ ഉന്നയിച്ചു.

കെ.എസ്.എസ്.ഐ.എ ഓഫീസില്‍ നടത്തിയ മുഖാമുഖത്തില്‍ വ്യവസായികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാവുമെന്ന് ജില്ലാ കടക്ടര്‍ ഉറപ്പ് നല്‍കി. സിഡ്‌കോ എസ്റ്റേറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ ഡി.പി.ആര്‍ പരിശോധിക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

മുഖാമുഖത്തില്‍ കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് എസ്. രാജാറാം അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാ നേജര്‍ കെ. സജിത് കുമാര്‍, സിഡ്‌കോ എസ്റ്റേറ്റ് മാനേജര്‍ കെ. നവീന്‍, സിഡ്‌കോ എസ്റ്റേറ്റ് ഫോറം പ്രസിഡണ്ട് ബി.വി കക്കില്ലായ, ട്രഷറര്‍ കെ. അഹ്മദലി, കെ.എസ്.എസ്.ഐ.എ മുന്‍ പ്രസിഡണ്ടുമാരായ കെ. രവീന്ദ്രന്‍, പി.വി രവീന്ദ്രന്‍, കെ.ടി സുഭാഷ് നാരായണന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി സുഗതന്‍, ട്രഷറര്‍ അഷ്‌റഫ് മധൂര്‍, മുഹമ്മദലി റെഡ്‌വുഡ്, എ. പ്രസന്ന ചന്ദ്രന്‍, ഉദയന്‍ സി., കെ.പി മുരളി കൃഷ്ണ, അശോക് കുമാര്‍ ടി.പി, കെ.വി രാമചന്ദ്രന്‍, ലാലു ജോസഫ്, ഉമാവതി പി.കെ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it