തളങ്കരക്ക് ആത്മീയ വിശുദ്ധി പകര്‍ന്ന് നജാത്ത് ഖുര്‍ആന്‍ കോളേജ് 13-ാം വാര്‍ഷികവും സനദ്ദാന സമ്മേളനവും

വിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്തിലേക്ക് നയിക്കുന്നു-സാദിഖലി തങ്ങള്‍

തളങ്കര: തളങ്കരക്ക് ആത്മീയ വിശുദ്ധിയുടെ മൂന്ന് ദിനരാത്രങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങളില്‍ നിറഞ്ഞ ആനന്ദവും സമ്മാനിച്ച് നജാത്ത് ഖുര്‍ആന്‍ കോളേജിന്റെ 13-ാം വാര്‍ഷികത്തിനും ഒന്നാം സനദ്ദാന സമ്മേളനത്തിനും പ്രൗഢ സമാപനം. കോളേജിന് വേണ്ടി ബാങ്കോട് സി.എച്ച്. മുഹമ്മദ് കോയ നഗറില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഖുര്‍ആനിനെ സ്‌നേഹിക്കുക വഴി അല്ലാഹുവിനെയും തിരുദൂതരെയും അതിരറ്റ് സ്‌നേഹിക്കുകയാണ് ചെയ്യുന്നതെന്നും ഇതുവഴി നജാത്ത് ഖുര്‍ആന്‍ കോളേജ് നാടാകെ പ്രകാശം പരത്തുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇരുട്ടിനെ അകറ്റി വിശുദ്ധ ഖുര്‍ആനിന്റെ പ്രകാശം എങ്ങും പരത്താനുള്ള ശ്രമങ്ങള്‍ നാടാകെ വളര്‍ന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് നാജിയാനി ബിരുദം നല്‍കി. കുമ്പോല്‍ കെ.എസ്. സയ്യിദ് അലി തങ്ങള്‍ സനദ്ദാനം നിര്‍വ്വഹിച്ചു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ് സ്വാഗതം പറഞ്ഞു. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ ഖുര്‍ആന്‍ പഠനമേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ അബ്ദുല്‍ കരീം കോളിയാട്, ഉസ്താദ് അബ്ദുല്‍ സലാം മൗലവി കൊടുവള്ളി എന്നിവര്‍ക്ക് നജാത്ത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഹാഫിള് അബ്ദുല്‍ സലാം മൗലവി സമ്മാനിച്ചു. കെ.ബി.എം. ഷരീഫിന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അവാര്‍ഡ് നല്‍കി. ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രൊഫസര്‍ ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി അനുഗ്രഹഭാഷണവും നജാത്ത് ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ ഡോ.ബാസിം ഗസ്സാലി ആമുഖഭാഷണവും നടത്തി. ഹാഫിള് മുഹമ്മദ് ബി.കെ ഖിറാഅത്ത് നടത്തി. അബ്ബാസ് ഫൈസി പുത്തിഗെ, പ്രിന്‍സിപ്പള്‍ ഹാഫിള് ഷാക്കിറുദ്ദീന്‍, സാബിത്ത് ഇന്‍സ്‌പെയര്‍ സംസാരിച്ചു. നജാത്ത് കോളേജ് സ്ഥാപകരായ സഈദ് ഹാമിദി, അബൂബക്കര്‍ സിയാദ് എന്നിവര്‍ സ്ഥാനവസ്ത്രങ്ങള്‍ കൈമാറി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it