മുഹമ്മദലി മമ്മിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസിക്കപ്പെടുന്നു

തളങ്കര ബാങ്കോട് വാര്‍ഡ് ലീഗ് സഭയില്‍ മുഹമ്മദലി മമ്മിയെ ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു
തളങ്കര: ഒരു ഫോണ്‍ വിളിക്കപ്പുറത്ത് ആംബുലന്‍സ് വാനും ചികിത്സാ ഉപകരണങ്ങളുമായി ഏത് നേരത്തും സേവന സന്നദ്ധനായി നില്‍ക്കുന്ന തളങ്കര ബാങ്കോട്ടെ മുഹമ്മദലി മമ്മിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസിക്കപ്പെടുന്നു. അഞ്ച് വര്‍ഷത്തിലേറെയായി ഈ രംഗത്ത് മമ്മി സജീവമാണ്. വീടുകളില്‍ ദുരിതം അനുഭവിക്കുന്ന വൃദ്ധരായ കിടപ്പ് രോഗികള്‍ക്കടക്കം മമ്മി പകരുന്ന ആശ്വാസം ചെറുതല്ല. തളങ്കര പാലിയേറ്റീവ് കെയറിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹം. പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും നിയന്ത്രിക്കുന്നത് മുഹമ്മദലി മമ്മിയാണ്. ഏത് പാതിരാനേരത്ത് വിളിച്ചാലും നിമിഷനേരം കൊണ്ട് ഓടിയെത്തുന്ന ഇദ്ദേഹത്തിന്റെ സേവനം കാസര്‍കോട് മേഖലയില്‍ അനേകം പേര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്ന മുഹമ്മദലി എല്ലാ ജോലിയും ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. ആരില്‍ നിന്നും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സേവനം.
പൊലീസും ഇദ്ദേഹത്തിന്റെ സേവനത്തെ പ്രശംസിക്കുകയുണ്ടായി. പൊലീസ് ട്രോമാ കെയര്‍ അംഗമായി തിരഞ്ഞെടുത്തതിന്റെ ബാഡ്ജ് കഴിഞ്ഞ ദിവസം കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ മമ്മിക്ക് കൈമാറി. തളങ്കര ബാങ്കോട് ലീഗ് സഭ ഇദ്ദേഹത്തിന്റെ സേവനത്തെ ഉപഹാരം നല്‍കി ആദരിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉപഹാരം കൈമാറി.