പ്രവര്‍ത്തകര്‍ക്ക് ഉണര്‍വേകി എം.എസ്.എഫ് ജില്ലാ സമ്മേളനം; വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും പ്രൗഢമായി

എം.എസ്.എഫ്. ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ശനിയാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടന്ന വിദ്യാര്‍ത്ഥി റാലി
കാസര്‍കോട്: ജില്ലയിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വേകുന്നതായി മൂന്നുദിവസം നീണ്ട എം.എസ്.എഫ് ജില്ലാ സമ്മേളനം. സമ്മേളനത്തിന് സമാപനം കുറിച്ച് ശനിയാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടന്ന വിദ്യാര്‍ത്ഥി റാലി എം.എസ്.എഫിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ അണിനിരന്നത്. തുടര്‍ന്ന് ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷന് സമീപത്തെ വേദിയില്‍ നടന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയതു. കേരളത്തില്‍ യു.ഡി.എഫ് ഭരണകാലത്താണ് വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടായതെന്നും സി.എച്ച്. മുഹമ്മദ് കോയ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നതായും അതിനെയെല്ലാം ഇല്ലാതാക്കാനാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
തറ, പറ...യില്‍ നിന്ന് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിലേക്കും ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കും നമ്മുടെ വിദ്യാഭ്യാസം എത്തിനില്‍ക്കുമ്പോള്‍ എസ്.എഫ്.ഐയെ പോലുള്ള സംഘടനകള്‍ പഴഞ്ചന്‍ സമരരീതികളുമായി മുന്നോട്ടുപോകുകയാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. മറുഭാഗത്ത് ഒരു വിഭാഗം ഗവര്‍ണറെ ഉപയോഗിച്ച് വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചുവരുന്നു. ഇതിനെയെല്ലാം ചെറുക്കാന്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണവും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് പ്രമേയപ്രഭാഷണവും നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, അസ്ഹര്‍ പേരുമുക്ക്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, അഖില്‍ ആനക്കയം, സവാദ് അംഗടിമൊഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു