ജന്മനാടിന്റെ സ്‌നേഹവായ്പിലേക്ക് അസ്ഹറുദ്ദീന്‍ വന്നിറങ്ങി, ഉജ്ജ്വല വരവേല്‍പ്പ്

രഞ്ജി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കര കടവത്ത് ടി.സി.സി. ക്ലബ്ബിന് മുമ്പില്‍ നല്കിയ വരവേല്‍പ്പ്
കാസര്‍കോട്: രഞ്ജി ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കരയില്‍ നാട്ടുകാര്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. നോമ്പിന്റെ അവശതകളെല്ലാം മറന്ന് നാടിന്റെ അഭിമാനതാരത്തെ ജന്മനാട് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അസ്ഹറുദ്ദീന്‍ തളങ്കരയിലെത്തിയത്. ദീനാര്‍ നഗറില്‍ നിന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹത്തെ ആനയിച്ചു. അസ്ഹറുദ്ദീന്റെ ക്രിക്കറ്റ് ജീവിതത്തിന് തുടക്കം കുറിച്ച തളങ്കര കടവത്തെ ടി.സി.സി ക്ലബ്ബിന് മുന്നില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ബൊക്ക നല്‍കി വരവേറ്റു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, പി. മാഹിന്‍ മാസ്റ്റര്‍, സിദ്ദീഖ് ചക്കര, ഫിറോസ്, ഹസ്സന്‍ പതിക്കുന്നില്‍, അസ്ഹറുദ്ദീന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
നാട്ടുകാര്‍ അദ്ദേഹത്തെ തോളിലേറ്റി സന്തോഷം പങ്കുവെച്ചു. വന്‍ മാധ്യമപട തന്നെ കേരളത്തിന്റെ അഭിമാന താരത്തിന് ജന്മനാട്ടിലെ സ്വീകരണ ചടങ്ങ് പകര്‍ത്താനെത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും പുതിയ കുതിപ്പിനുള്ള ആവേശവും പകര്‍ന്ന ടൂര്‍ണമെന്റായിരുന്നു രഞ്ജി കപ്പ് മത്സരമെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. സെമിയിലെ സെഞ്ച്വറി തന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും നിര്‍ണ്ണായകമായ ഘട്ടത്തിലെടുത്ത സ്റ്റംമ്പാണ് തനിക്ക് ഏറെ സന്തോഷം പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.