എല്‍.ബി.എസ് കോളേജില്‍ പുതിയ കോഴ്‌സുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാസര്‍കോടിന്റെ മുഖമായി മാറിയ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ രണ്ട് കോഴ്‌സുകള്‍ കൂടി. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റ സയന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ്സ് സിസ്റ്റംസ് എന്നീ പുതുതലമുറ കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായുള്ള അഞ്ച് ബൃഹത് പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സഹകരണത്തോടുകൂടിയാണ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ്സ് സിസ്റ്റംസ് നാല് വര്‍ഷ ബി.ടെക് കോഴ്സ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യകളില്‍ നേരിട്ടുള്ള പരിശീലനം ലഭ്യമാകും. ഇതോടെ വ്യാവസായിക ലോകത്തേയും അക്കാദമിക് രംഗത്തേയും ഒരു കുടക്കീഴില്‍ കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടക്കമാവുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഓട്ടോമേഷന്‍, ഡാറ്റ അധിഷ്ഠിത വ്യവസായങ്ങള്‍, എന്നിവക്ക് ഉയര്‍ന്ന ഡിമാന്റുള്ള ഉപഭോക്തൃ സേവനം, നിര്‍മ്മാണം, ഗതാഗതം, തുടങ്ങിയ മേഖലകളില്‍ സമീപ ഭാവിയില്‍ വരാനിരിക്കുന്ന നിരവധി തൊഴില്‍ അവസരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it