മാപ്പിളപ്പാട്ട് രചയിതാവ് എം.എച്ച് സീതിയെ കാസര്‍കോട് സാഹിത്യവേദി ആദരിക്കും

കാസര്‍കോട്: പഴയകാല മാപ്പിളപ്പാട്ട് രചയിതാവും കവിയുമായ ചെമനാട്ടെ എം.എച്ച് സീതിയെ കാസര്‍കോട് സഹിത്യവേദി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിക്കും. മഹാകവി ടി. ഉബൈദിന്റെ കാലഘട്ടങ്ങളില്‍ അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി കവിതകളും മാപ്പിളപ്പാട്ടും രചിച്ചിരുന്നു. ഉത്തര മലബാറിലെ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു എം.എച്ച് സീതി. മാപ്പിളപ്പാട്ടിന്റെ തനത് പാരമ്പര്യ രീതിയില്‍ ഗാനങ്ങള്‍ രചിക്കുന്നതില്‍ ഏറെ ശ്രദ്ധേയനായ മാപ്പിളകവിയും 1960-70 കാലഘട്ടത്തില്‍ ആനുകാലികങ്ങളില്‍ തിളങ്ങിയ യുവ എഴുത്തുകാരില്‍ പ്രമുഖനുമാണ്. ടി. ഉബൈദ് മാഷുമായുള്ള അടുപ്പം മാപ്പിള സാഹിത്യത്തെ കൂടുതല്‍ അറിയാനും പാട്ടെഴുത്തിന്റെ മര്‍മ്മം പഠിക്കാനും ഉപകരിച്ചു. ഈ അറിവുകള്‍ പിന്‍തലമുറകളിലേക്ക് പകര്‍ന്ന് കൊടുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. കാസര്‍കോട് നഗരത്തില്‍ ആദ്യമായി ഒരു പുസ്തകശാല തുടങ്ങിയത് എം.എച്ച് സീതി ആയിരുന്നു. അനീസ ബുക്ക് സ്റ്റാള്‍. സ്വന്തമായി എഴുതിയ മാപ്പിളപ്പാട്ടുകള്‍ ചെറിയ പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ മഹാകവി ടി. ഉബൈദിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ പുസ്തക രൂപത്തില്‍ ഇറക്കാനും മുന്‍കൈയെടുത്തു. കെ.എം. സീതി സാഹിബ്, ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ എന്നിവരെക്കുറിച്ചുള്ള ഗാനങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.