വിദ്യാലയങ്ങളില്‍ അമ്മത്തണലായി 'മാ കെയര്‍ ' സെന്ററുകള്‍; കാസര്‍കോട്ട് ആവിഷ്‌ക്കരിച്ച പദ്ധതി ഇനി സംസ്ഥാനത്തുടനീളം

കാസര്‍കോട്: വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമ്മയുടെ കരുതല്‍ ഒരുക്കുകയാണ് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും ചേര്‍ത്തൊരുക്കുന്ന 'മാ കെയര്‍' സെന്ററുകള്‍. വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ പല ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കുടുംബശ്രീ മിഷന്‍ മാ കെയര്‍ എന്ന ആശയം അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിന് അകത്ത് പ്രവര്‍ത്തിക്കുന്ന മാകെയര്‍ സെന്ററുകളില്‍ പോഷക സമ്പൂര്‍ണ്ണമായ ലഘുഭക്ഷണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ തുടങ്ങിയ എല്ലാ ആവശ്യവസ്തുക്കളും ലഭിക്കും. ഇതുവഴി കുട്ടികള്‍ സ്‌കൂളിന് പുറത്ത് നിന്ന് അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയാനാകും. രാവിലെ 7.30 മുതല്‍ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ വിപണി വിലയേക്കാള്‍ മിതമായ നിരക്കിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക. 2023-24 കാലഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി മാകെയര്‍ ആരംഭിക്കുന്നത്. പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതകൊണ്ട് ഈ ആശയം സംസ്ഥാനത്ത് ഒട്ടാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും. ജൂലായില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ സ്‌കൂളുകളില്‍ പദ്ധതി തുടങ്ങാനാണ് ലക്ഷ്യം. നിലവില്‍ ജില്ലയില്‍ 16 വിദ്യാലയങ്ങളിലാണ് മാ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പുസ്തകങ്ങള്‍ക്കുമപ്പുറം കരുതലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് മാ കെയര്‍ സെന്ററുകള്‍. കുടുംബശ്രീയിലൂടെ ഇത്തരമൊരു സൗകര്യം കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ ഒരു അമ്മയുടെ കരുതല്‍ കൂടി അതിലൂടെ പകര്‍ന്നു നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it