തൃക്കണ്ണാട് ക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങായി കൊടിമര ദഹനക്രിയ

തൃക്കണ്ണാട്: ഒന്നര നൂറ്റാണ്ട് കാലം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തെ കാത്ത കൊടിമരം കാറ്റിലും മഴയിലും നശിച്ചതോടെ മരത്തെ മറവ് ചെയ്യുന്ന അപൂര്‍വ്വ ചടങ്ങ് ക്ഷേത്ര വളപ്പില്‍ നടന്നു. ഇന്നലെ രാവിലെയാണ് ഹോമങ്ങളുടെയും പൂജകളുടെയും അകമ്പടിയോടെ ദഹനക്രിയ നടന്നത്. വേനല്‍ മഴയിലും കാറ്റിലും കൊടിമരം ഒരു ഭാഗത്തേക്ക് മറിഞ്ഞു വീഴുന്ന അവസ്ഥയിലെത്തി. ഇതോടെ 150ലധികം വര്‍ഷം പഴക്കമുള്ള കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള തീരുമാനമായി. എന്നാല്‍ പഴയ കൊടിമരം ക്ഷേത്ര ആചാരപ്രകാരം വലിച്ചെറിയാന്‍ പാടില്ല. തുടര്‍ന്നാണ് കൊടിമരത്തെ ആറടി നീളത്തിലുള്ള കഷണങ്ങളാക്കി ദഹിപ്പിച്ചത്. ചന്ദനം, പ്ലാവ്, ചകിരി, സുഗന്ധദ്രവ്യങ്ങള്‍, നെയ്യ് എന്നിവ ചേര്‍ത്താണ് മരം കത്തിച്ചു കളഞ്ഞത്. കൊടിമരത്തിന് ആവരണം ചെയ്തിരുന്ന പിച്ചള എടുത്തു മാറ്റിയിരുന്നു. ക്ഷേത്രതന്ത്രി ഉളിയത്തായ വിഷ്ണു ആസ്രയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. തന്ത്രി തന്നെയാണ് തീ കൊളുത്തിയതും. മേല്‍ശാന്തി നവീന്‍ ചന്ദ്ര കര്‍ത്തായ, പരികര്‍മ്മികളായ ശങ്കര ഭട്ട്, പ്രശാന്ത് കാറന്ത്, മുരളീകൃഷ്ണ എന്നിവരും കര്‍മ്മങ്ങളില്‍ പങ്കാളികളായി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് ദഹനക്രിയ നടത്തിയത്. ലക്ഷക്കണക്കിന് ഭക്തര്‍ ആരാധിച്ചിരുന്ന കൊടിമരം ചാരമായി ഇനി മണ്ണിനോട് ചേരും. ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി സുനില്‍കുമാര്‍, പാരമ്പര്യ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ഇടയില്യം സ്ത്രീവത്സന്‍ നമ്പ്യാര്‍, മേലത്ത് സത്യന്‍ നമ്പ്യാര്‍ തുടങ്ങിയവരും സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it