കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം: ജനകീയ കൂട്ടായ്മ നിയമ നടപടിയിലേക്ക്

പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി വൈകുന്നതില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടില ധികമായുള്ള കാത്തിരിപ്പിന് ശേഷം റെയില്‍വെ ഏറ്റെടുത്ത ഭൂമിയില്‍ മേല്‍പ്പാലം പണിയാന്‍ അനുമതി ലഭിച്ചിട്ട് രണ്ടു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ചെയ്യാന്‍ പോലും കഴിയാതെ പോയത് എന്തുകൊണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിച്ച് കണ്ടെത്തി അത് പൊതുസമൂഹത്തെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മേല്‍പ്പാലവിഷയത്തില്‍ നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരെയും രാഷ്ട്രീയ പാര്‍ട്ടികളെയും ക്ലബ്ബുകളെയും ക്ഷേത്ര-പള്ളി കമ്മിറ്റികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. സമയബന്ധിതമായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തപക്ഷം മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് പാലക്കുന്നില്‍ വിപുലമായ പൊതുയോഗവും തുടര്‍ പ്രത്യക്ഷ പ്രതിഷേധ പരിപാടികളും നടത്താനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാനും സമയബന്ധിതമായി ഇടപെടാനുമായി, ജനകീയ കര്‍മ്മ സമിതി കോര്‍ഡിനേഷന്‍ ടീമിനും രൂപം നല്‍കി. എ.കെ. പ്രകാശ് സ്വാഗതം പറഞ്ഞു.

ബി.ടി. ജയറാം അധ്യക്ഷത വഹിച്ചു. എം.എ ഖാദര്‍, വാര്‍ഡ് മെമ്പര്‍മാരായ സൈനബ, ബഷീര്‍ പാക്യാര, ഹക്കീം കുന്നില്‍, താജുദ്ദീന്‍ എം.കെ, കെ.ബി.എം ഷരീഫ്, ശ്രീധരന്‍ വയലില്‍, ജയാനന്ദന്‍ പാലക്കുന്ന്, ഹാരിസ്, പി.വി. ഉദയ്കുമാര്‍, രതീഷ് കരിപ്പോടി തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ. വിദ്യാധരന്‍ നമ്പ്യാര്‍ നിയമ നടപടി, പൊതുതാല്‍പര്യ ഹര്‍ജി സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.

സി.കെ കണ്ണന്‍ പാലക്കുന്ന് നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it