കെ.എം അഹ്‌മദ് അനുസ്മരണം 17ന്; പ്രമോദ് രാമനും ജോസ് ഗ്രെയ്‌സും അടക്കമുള്ളവര്‍ എത്തും

കാസര്‍കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.എം അഹ്‌മദ് മാഷിന്റെ 14-ാം ചരമവാര്‍ഷിക ദിനം ഈ മാസം 16ന്. ചരമവാര്‍ഷികത്തോടനുബന്ധിച്ച് 17ന് ചൊവ്വാഴ്ച കാസര്‍കോട് സാഹിത്യവേദിയും കെ.എം അഹ്‌മദ് ഫൗണ്ടേഷനും ചേര്‍ന്ന് അനുസ്മരണം സംഘടിപ്പിക്കും. പത്രം, ഭാഷ, സാഹിത്യം എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടാവും. വൈകിട്ട് 3 മണിക്ക് കാസര്‍കോട് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.

മാഷെ ഓര്‍ക്കാനും അനുസ്മരിക്കാനുമായി ഏറെ പ്രിയപ്പെട്ടവര്‍ എത്തുന്നു. മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഉദ്ഘാടനം ചെയ്യും. നേരത്തെ മലയാള മനോരമയുടെ ബ്യൂറോ ചീഫായി കാസര്‍കോട്ട് അഹ്‌മദ് മാഷോടൊപ്പം പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നിരുന്ന മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ ജോസ് ഗ്രെയ്‌സ് അനുസ്മരണ പ്രഭാഷണം നടത്തും. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കെ.എം അഹ്‌മദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഹ്‌മാന്‍ തായലങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ പത്മനാഭന്‍ ബ്ലാത്തൂര്‍, കെ.എം അഹ്‌മദ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി മുജീബ് അഹ്‌മദ് തുടങ്ങിയവര്‍ സംസാരിക്കും. സാഹിത്യവേദി സെക്രട്ടറി എം.വി സന്തോഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.എ ഷാഫി നന്ദിയും പറയും.

കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെ.എം അഹ്‌മദ് അനുസ്മരണവും അവാര്‍ഡ് ദാനവും പിന്നീട് നടക്കും.

16ന് നടക്കേണ്ടിരുന്ന പരിപാടി പുതിയ ബസ്സ്റ്റാന്റിന് സമീപം ദേശീയപാതാ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്‌ക്ലബ്ബിലേക്കുള്ള വഴി തടസ്സപ്പെട്ടു കിടക്കുന്നതുമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രസ്‌ക്ലബ്ബില്‍ നിന്ന് അറിയിച്ചു.

Related Articles
Next Story
Share it