'അച്ചടി കാലത്തിന്റെ കണ്ണാടി'- വൈ വിജയന്‍; കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ റൂബി ജൂബിലി ജില്ലാ സമ്മേളനം ആവേശമായി

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) റൂബി ജൂബിലി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ഏതൊരു പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയില്‍ അച്ചടിയുടെ സ്ഥാനം വലുതാണെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ( കെ.പി.എ.) സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ പറഞ്ഞു. നവീന സാങ്കേതിക വിദ്യകള്‍ ചേര്‍ത്ത് പിടിച്ച് അച്ചടിയും പുതിയ തലത്തിലേക്ക് മുന്നേറുകയാണ്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള ആര്‍.കെ. മാളില്‍ റൂബി ജൂബിലി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടായി അച്ചടി മേഖലക്ക് ദിശാബോധം നല്‍കി മുന്നേറുന്ന കെ.പി.എയുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് ടി.പി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്റേര്‍സ് വോയിസ് ചീഫ് എഡിറ്റര്‍ സിബി കൊടിയംകുന്നേല്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു റിപ്പോര്‍ട്ടും ട്രഷറര്‍ മൊയ്നുദ്ദീന്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയവരെ പ്രസുടമകളുടെ കുടുംബാംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ ടി.ടി. ഉമര്‍ അനുമോദിച്ചു. അച്ചടി രംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച ജില്ലയിലെ പ്രസുടമകളെ സംസ്ഥാന പ്രസിഡണ്ട് വൈ വിജയന്‍ ആദരിച്ചു. അകാലത്തില്‍ പൊലിഞ്ഞ കെ.പി.എ. അംഗത്തിന്റെ കുടുംബത്തിന് അംഗങ്ങളില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജയറാം നീലേശ്വരം, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.ബി. അജയ കുമാര്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട്, കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള, കെ.പി.എ. കാസര്‍കോട് മേഖലാ സെക്രട്ടറി നൗഫല്‍ കുമ്പഡാജെ, ട്രഷറര്‍ സിറാജുദ്ദീന്‍ മുജാഹിദ്, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ശശിധരന്‍ തൊട്ടിയില്‍, ട്രഷറര്‍ റിജിത്ത്, ജില്ലാ കമ്മിറ്റിയംഗം രാമകൃഷ്ണന്‍ പാലക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുജീബ് അഹ്മദ് സ്വാഗതവും കാസര്‍കോട് മേഖലാ പ്രസിഡണ്ട് സുധീഷ് സി. നന്ദിയും പറഞ്ഞു.
റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി ഹൈഡ്രജന്‍ നിറച്ച 40 ബലൂണുകള്‍ ഒന്നിച്ച് ആകാശത്തേക്ക് പറത്തിയത് കൗതുകകരവും ആവേശകരവുമായ കാഴ്ചയായി.