കാസര്‍കോട് നഗരത്തെ നിറമണിയിക്കാന്‍ കാസര്‍കോട് ഫ്‌ളീ ഒരുങ്ങുന്നു; 21 മുതല്‍ 23 വരെ

കാസര്‍കോട് ഫ്‌ളീയുടെ മുന്നോടിയായി നടന്ന രാത്രി നടത്തം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മെഴുക് തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട്ടെ യുവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഫ്‌ളീയുടെ രണ്ടാം പതിപ്പ് ഈ മാസം 21, 22, 23 തീയതികളില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കും. വിവിധ രുചി വിഭവങ്ങള്‍, വസ്ത്രങ്ങള്‍, കലാവിരുതുകള്‍, ചിത്രങ്ങള്‍, പെയിന്റിംഗ്‌സ് തുടങ്ങി വിവിധ മേഖലകളിലുള്ള കാസര്‍കോട്ടെ സംരംഭകര്‍ കാസര്‍കോട് ഫ്‌ളീ മാര്‍ക്കറ്റിന്റെ ഭാഗമാവും. 60 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെ കാസര്‍കോട്ടെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത യുവ ഗായകനും നവമാധ്യമങ്ങളില്‍ ലക്ഷകണക്കിന് ആരാധകരുമുള്ള ഹനാന്‍ഷായും ഗാനം ആലപിക്കാന്‍ എത്തും. 6 വര്‍ഷം മുമ്പ് ഏതാനും യുവാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാസര്‍കോട് ഫ്‌ളീയുടെ ഒന്നാം പതിപ്പ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് കാരണവും മറ്റും പരിപാടി സംഘടിപ്പിക്കാനായില്ല. രണ്ടാം പതിപ്പ് കൂടുതല്‍ ഭംഗിയാക്കി കാസര്‍കോട്ടുകാരുടെ മനസിന് നവോന്മേഷം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പ്രചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടന്നുവരുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ ഫയര്‍ഫ്‌ളൈസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാത്രിനടത്തവും, 'നിധിവേട്ട'യും (ട്രഷര്‍ ഹണ്ട്) ഏറെ ശ്രദ്ധിക്കപ്പെട്ടു. നഗരത്തില്‍ നടന്ന രാത്രിനടത്തം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി സംഗീത കൂട്ടായ്മയും ഒരുക്കി. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.

