കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നാലാം വര്‍ഷവും നോമ്പനുഷ്ഠാനത്തിലാണ്

കാഞ്ഞങ്ങാട്: തുടര്‍ച്ചയായി നാലാം വര്‍ഷവും പുണ്യമാസത്തിന്റെ വിശുദ്ധിയിലലിഞ്ഞ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നോമ്പനുഷ്ഠിക്കുകയാണ്. നോമ്പനുഷ്ഠാനം നല്‍കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് 23 നോമ്പുകള്‍ തെറ്റാതെ പിന്തുടര്‍ന്ന സുജാത പറയുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് പല നോമ്പുകാലത്തും ചുരുക്കം ദിവസങ്ങളില്‍ നോമ്പ് നോറ്റിരുന്നു. പിന്നീടാണ് വിശുദ്ധ മാസത്തില്‍ മുഴുവനും നോമ്പനുഷ്ഠിക്കണമെന്ന ചിന്ത വന്നത്. രാവിലെ അഞ്ചിനു മുമ്പ് തന്നെ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം കഴിച്ച് വ്രതത്തിലേക്കെത്തുകയാണ് അവര്‍. വൈകിട്ട് വെള്ളമോ, പഴച്ചാറോ കഴിച്ചാണ് നോമ്പ് തുറക്കുന്നത്. ഇതിനുശേഷവും വിശദമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. നിയന്ത്രിത ഭക്ഷണമാണ് കഴിക്കുക. നോമ്പ് നല്‍കുന്ന ശാസ്ത്രീയമായ ഫലവും നന്നായി അറിഞ്ഞു തന്നെയാണ് അനുഷ്ഠിക്കുന്നതെന്ന് സുജാത പറഞ്ഞു. മനസിനൊപ്പം ശരീരവും സംസ്‌കരിച്ചെടുക്കുന്ന ഈ പുണ്യമാസം തനിക്ക് സന്തോഷവും ഉന്മേഷവും നല്‍കുന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഭക്ഷണം കഴിക്കാതെ ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയുമോയെന്നറിയാന്‍ കൂടിയാണ് വ്രതമനുഷ്ഠിക്കുന്നത്. നോമ്പുകാലത്ത് മനസിനും ശരീരത്തിനും നല്ല അനുഭവമാണുണ്ടാകുകയെന്ന് വിശ്വാസികള്‍ പറയുമ്പോള്‍ അത് നേരിട്ടനുഭവിക്കുക കൂടിയാണ് പിന്നിലുള്ള ലക്ഷ്യമെന്നും സുജാത പറഞ്ഞു. ഈയൊരു പതിവ് എല്ലാവര്‍ഷവും തുടരുകയെ ന്നതാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ സുജാത ടീച്ചര്‍ അധിക ദിവസവും നോമ്പു തുറക്കുന്നത് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുത്തു കൊണ്ടായിരിക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it