BUDGET | കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്; ടൂറിസം വികസനത്തിന് മുന്‍തൂക്കം

കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അവതരിപ്പിക്കുന്നു
കാഞ്ഞങ്ങാട്: ടൂറിസം വികസനത്തിന് മുന്‍തൂക്കം നല്‍കി കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല അവതരിപ്പിച്ചു. വിവിധ പ്രദേശങ്ങള്‍ ഇക്കോ ടൂറിസത്തിന് അനുയോജ്യമായതിനാല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ നഗരസഭയ്ക്ക് ഇല്ലാത്തതിനാല്‍ ഈ പരിമിതി മാറ്റാന്‍ പുതിയ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് ഉടന്‍ ഡി.പി.ആര്‍ തയ്യാറാക്കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 25 ഹരിത സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഇപ്പോള്‍ 104 സേനാംഗങ്ങളാണുള്ളത്. പൊതു വിദ്യാഭ്യാസം കരുത്തുറ്റതാക്കുന്നതിനും സ്‌കൂളുകള്‍ ഭിന്നശേഷി, സാങ്കേതിക സൗഹൃദമാക്കുന്നതിനും പദ്ധതികള്‍ വിഭാവനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി, ശാസ്ത്ര, കലാസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. നഗരസഭയിലെ എല്ലാ കളിസ്ഥലങ്ങളും സ്റ്റേഡിയം നിലവാരത്തിലേക്ക് ഉയര്‍ത്തും. ലഹരി വസ്തുക്കളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും കുട്ടികളെയും യുവാക്കളെയും അകറ്റാന്‍ കലാ-കായിക മത്സരങ്ങള്‍ ലഹരിയായി കൊണ്ടുവരാന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. കാഞ്ഞങ്ങാടിന്റെ കലാ-സാംസ്‌കാരിക ഉന്നതി പരിപോഷിപ്പിക്കുന്നതിന് കാഞ്ഞങ്ങാട് മഹോത്സവം സംഘടിപ്പിക്കും. കലാകാരന്മാരെ ആദരിക്കും. പുസ്തകോത്സവം, സാഹിത്യോത്സവം, ചലച്ചിത്രമേള, നാരകോത്സവം എന്നിവ നടത്തും. ഗതാഗതക്കുരുക്കിനും പാര്‍ക്കിങ്ങിനും പരിഹാരം കാണാന്‍ ആധുനിക രീതിയിലുള്ള പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ നഗരപരിധിയില്‍ കണ്ടെത്തും. മുന്‍ നീക്കിയിരിപ്പുള്‍പ്പെടെ 1,10,78,60,854 രൂപ വരവും 82,71,96,281 രൂപ ചെലവും 2,80,64,573 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024 -25 വര്‍ഷത്തെ പുതുക്കിയ ബജറ്റും നീക്കിയിരിപ്പുള്‍പ്പെടെ 76,62,05,923 രൂപ വരവും 41,21,50,200 രൂപ ചെലവും 35,40,55,723 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 വര്‍ഷത്തെ മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്. ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു.