കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി എം.പി ചര്‍ച്ച നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതക്ക് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ചര്‍ച്ച നടത്തി. അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിനിടെയാണ് ചര്‍ച്ച നടത്തിയത്.

2014ല്‍ നടത്തിയ സര്‍വ്വേയുടെ വിശദവിവരം മുഖ്യമന്ത്രി ആരാഞ്ഞു. പദ്ധതിയുടെ വിശദമായ രേഖകളുമായി ബംഗളൂരുവിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാമെന്ന് എം.പി അദ്ദേഹത്തെ അറിയിച്ചു. അതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയുടെ നിര്‍മ്മാണത്തിനാവശ്യമായ ആകെ തുകയുടെ 50 ശതമാനം കര്‍ണാടക-കേരള സംസ്ഥാനങ്ങള്‍ വഹിക്കേണ്ടതാണെന്നാണ് റെയില്‍വേയുടെ നിര്‍ദ്ദേശം. കര്‍ണാടകയുടെ വിഹിതം നല്‍കാന്‍ സമ്മതം അറിയിച്ചുള്ള എന്‍.ഒ.സി ഈ പദ്ധതിക്ക് ആവശ്യമാണ്. പാത കര്‍ണാടകയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും കര്‍ണാടക വഹിക്കേണ്ടതുണ്ട്. റെയില്‍വേ ഈ പദ്ധതിക്ക് മുന്‍കൈ എടുത്താല്‍ ബന്ധപ്പെട്ട തലങ്ങളിലുള്ള യോഗം മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കും. മുന്‍ കര്‍ണാടക സര്‍ക്കാരുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും കേരള മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ല. അത് ഈ പദ്ധതിയുടെ നടത്തിപ്പിന് കാലതാമസം നേരിട്ടതായും എം.പി പറഞ്ഞു. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാത പദ്ധതിയുടെ മുന്നോട്ട് പോക്കിന് ഊര്‍ജം പകരുന്നതാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെന്ന് എം.പി പറഞ്ഞു.

തിരിച്ചെത്തിയാലുടന്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബംഗളൂരുവിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്നും എം.പി പറഞ്ഞു. കര്‍ണാടക സംസ്ഥാന ഊര്‍ജ്ജമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it