കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനം കളിയാട്ട മഹോത്സവത്തിന് തുടക്കം

കാനത്തൂര്‍: ഉത്തര കേരളത്തിലും ദക്ഷിണ കര്‍ണ്ണാടകയിലും കേള്‍വികേട്ട മുളിയാര്‍ കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനത്തെ വാര്‍ഷിക കളിയാട്ട മഹോത്സവം ഇന്ന് മുതല്‍ ജനുവരി 2 വരെ നടക്കും. കളിയാട്ട മഹോത്സവത്തിന് സമാരംഭം കുറിച്ച് ബ്രഹ്മശ്രീ ഇരിവല്‍ കേശവതന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കാവിലും കൊട്ടാരത്തിലും കളരി വീട് പടിപ്പുരയിലും ശുദ്ധികലശം നടന്നു. നാളെ രാവിലെ കളരി, കൊട്ടാര സന്നിധികളിലെ ആനപന്തല്‍ അലങ്കരിക്കലും വൈകിട്ട് 3 മണിക്ക് നാല്‍വര്‍ ദൈവങ്ങളുടെ മൂലസ്ഥാനമായ കാവില്‍ നിന്നും തിരുവായുധങ്ങളും ഭണ്ഡാരവും കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കലും നടക്കും. രാത്രി 7 മണിക്ക് ഇളയോര്‍ ദൈവങ്ങളുടെ ദര്‍ശനവും കളരി വീട്ടിലേക്കുള്ള പുറപ്പാടും നടക്കും.

രാത്രി 9 ന് കളരി വീട്ടില്‍ നിന്നും തിരുവായുധങ്ങളോടെ തിരിച്ചെഴുന്നള്ളത്ത്.

29ന് പുലര്‍ച്ചെ 4 മണിക്ക് ചാമുണ്ഡി തെയ്യം അരങ്ങിലെത്തും. രാവിലെ 8 മുതല്‍ പഞ്ചുര്‍ളി തെയ്യം. സന്ധ്യക്ക് മൂത്തോര്‍ തെയ്യങ്ങള്‍. തുടര്‍ന്ന് കൊട്ടാരത്തില്‍ ബംബേര്യന്‍, മാണിച്ചി തെയ്യങ്ങളുടെ ദര്‍ശനം. 30ന് പുലര്‍ച്ചെ 4 മണിയോടെ ചാമുണ്ഡി തെയ്യങ്ങളുടെ ദര്‍ശനാരംഭം. രാവിലെ 7 മണിക്ക് കുണ്ടങ്കലയന്‍ തെയ്യം. 9 മണി മുതല്‍ പഞ്ചുര്‍ളി (ഉഗ്രമൂര്‍ത്തി) തെയ്യം. രാത്രി 11ന് പാഷാണമൂര്‍ത്തി തെയ്യം. 31ന് രാവിലെ 9 മുതല്‍ രക്തേശ്വരിദൈവങ്ങളുടെ ദര്‍ശനം. ഉച്ചക്ക് 2 മണിയോടെ വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തും. രാത്രി 12ന് പാഷാണമൂര്‍ത്തിയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. ജനുവരി 1ന് പുലര്‍ച്ചെ 4 മണിക്ക് നാല്‍വര്‍ ദൈവങ്ങളുടെ വെളിച്ചപ്പാട് ദര്‍ശനത്തോട് കൂടി കരിക്ക് കുളിക്കല്‍ ചടങ്ങിനായി ഇരിയണ്ണിയിലേക്കുള്ള പുറപ്പാട്. 9 മണിക്ക് രക്തേശ്വരി ദൈവങ്ങള്‍. ഉച്ചക്ക് ശേഷം വിഷ്ണുമൂര്‍ത്തി. തുടര്‍ന്ന് പ്രേതമോചനവും പ്രാര്‍ത്ഥന കേള്‍ക്കലും. 2ന് രാവിലെ 9 മണിക്ക് കഴകം ഒപ്പിക്കല്‍ ചടങ്ങും വിളക്കിലരിയും നടക്കും. നാല്‍വര്‍ ദൈവങ്ങളുടെ വെളിച്ചപ്പാടിന്റെ ദര്‍ശനത്തോടെ തിരുവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരി വീട്ടിലേക്കുമുള്ള എഴുന്നള്ളത്തിനു ശേഷം പുതുക്കുടി തറവാട്ടുകാര്‍ക്കും ഭണ്ഡാര വീട്ടുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും പ്രസാദ വിതരണത്തോടെ കളിയാട്ടത്തിനു സമാപനമാവും. ഉത്സവ നാളുകളില്‍ ഉച്ചക്കും രാത്രിയിലും ആയിരങ്ങള്‍ക്ക് അന്നദാനമുണ്ടാവും. കളിയാട്ട മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രംഗത്തുണ്ട്.

പത്രസമ്മേളനത്തില്‍ കാനത്തൂര്‍ നാല്‍വര്‍ സ്ഥാനം ഭരണ സമിതി ജനറല്‍ സെക്രട്ടറി കെ.പി ബലരാമന്‍ നായര്‍, കെ.പി ബാലചന്ദ്രന്‍ നായര്‍, കെ.പി സോമ ചന്ദ്രന്‍ നായര്‍, കെ.പി ജയകൃഷ്ണന്‍, ഇ. ഗിരീഷ് കുമാര്‍, വി.വി പ്രഭാകരന്‍, ആ ഘോഷക്കമ്മിറ്റി ചെയര്‍മാന്‍ പി. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it