കുട്ടികള്‍ക്ക് തൊഴില്‍ കേന്ദ്രീകൃത പരിശീലനം ഉറപ്പാക്കും-ഡോ. ടി.എം തോമസ് ഐസക്

കാസര്‍കോട്: കുട്ടികള്‍ക്ക് തൊഴില്‍ കേന്ദ്രീകൃത പരിശീലനം ഉറപ്പാക്കുമെന്നും സ്വാശ്രയ കോളേജുകളിലും ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും തൊഴില്‍ കണ്ടെത്തുന്നതിന് പ്രത്യേക ഇടപെടല്‍ നടത്തുമെന്നും വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. വിജ്ഞാനകേരളം കാസര്‍കോട് ജില്ലാ മിഷന്‍ ഓഫീസും കണ്‍വര്‍ജന്‍സ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് പ്രാദേശികമായി തൊഴില്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത നേടുന്നത് പ്രാദേശിക സാമ്പത്തിക വികസനത്തിലേക്ക് നയിക്കുമെന്നും ഇതിനായി സ്ത്രീകളെ കണ്ടെത്തി വിജ്ഞാനകേരളം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി പാലിയേറ്റീവ് ഹെല്‍ത്ത് കെയറുമായി ബന്ധപ്പെടുത്തി ജോലി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജാഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്മസണ്‍ കെ.ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍ സരിത, കണ്ണൂര്‍ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ.അശോകന്‍, സജിത്ത് പാലേരി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍. ഷൈനി എന്നിവര്‍ സംസാരിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി രഞ്ജിത്ത് സ്വാഗതവും കുടുംബശ്രീ എ.ഡി.എം.സി കെ.എം കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it