'സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്നത് ഐ.എസ്.ആര്‍.ഒയുടെ സ്വപ്‌ന പദ്ധതി'

ഐ.എസ്.ആര്‍.ഒയുടെ ദേശീയ ബഹിരാകാശ ദിനാചരണവും സ്‌പേസ് എക്‌സിബിഷനും ഡോ. ബി. ബിജു പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: പത്ത് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്നത് ഐ.എസ്.ആര്‍.ഒ യുടെ സ്വപ്‌ന പദ്ധതിയാണെന്ന് മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും വിക്രം സാരഭായ് സ്‌പേസ് സെന്ററിലെ സി.എ.എസ്.ജി ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. ബി. ബിജു പ്രസാദ് പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ദേശീയ ബഹിരാകാശ ദിനാചരണവും സ്‌പേസ് എക്‌സിബിഷനും പെരിയ നവോദയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയും ആത്മാര്‍ഥമായ പരിശ്രമങ്ങളുമാണ് ലോകത്തിലെ വലിയ ബഹിരാകാശ ശക്തിയായി ഐ.എസ്.ആര്‍.ഒ മാറിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നവോദയ വിദ്യാലയം പ്രിന്‍സിപ്പള്‍ ഡോ. കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജേന്ദ്ര പിലാങ്കട്ട, ഡോ. വി.ബി സമീര്‍ കുമാര്‍, മാ ഡോ. കെ.ഒ രത്‌നാകരന്‍, കെ.വി രവികുമാര്‍ പ്രസംഗിച്ചു. ആര്യഭട്ട മുതല്‍ ഗഗന്‍യാന്‍ വരെ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ നേട്ടങ്ങളെ എടുത്തുകാണിക്കുന്ന ബഹിരാകാശ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വാട്ടര്‍ റോക്കറ്റ് വിക്ഷേപണം കുട്ടികളില്‍ കൗതുകമുണര്‍ത്തി. ബഹിരാകാശ ശില്‍പശാലയില്‍ വി.എല്‍.സി.സി ശാസ്ത്രജ്ഞന്‍ വി. രാജേഷ്, എല്‍.പി.എസ്.സി ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ കിരണ്‍ മോഹന്‍, ഡോ. പി. ശ്രീലത, കെ.എസ് നിധീഷ് തുടങ്ങിയ ശാസ്ത്രജ്ഞര്‍ പങ്കെടുത്തു. ശില്‍പശാലയും പ്രദര്‍ശനവും ഇന്ന് സമാപിക്കും.