തൊഴിലിടങ്ങളിലെ ഇന്റേണല്‍ കമ്മിറ്റികളെ ശക്തിപ്പെടുത്തണം-വനിതാ കമ്മീഷന്‍

കാസര്‍കോട്: പോഷ് ആക്ട് പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്റേണല്‍ കമ്മിറ്റികളെ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി.പി കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷന് മുന്നില്‍ എത്തുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പോഷ് ആക്ട് 2013ന്റെ ഭാഗമായുള്ള ഐ.സികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പോഷ് ആക്ട് സംബന്ധിച്ച സെമിനാര്‍ നടത്തും.

ജൂണ്‍ 28, 29 തീയ്യതികളില്‍ വലിയപറമ്പ് പഞ്ചായത്തില്‍ തീരദേശ ക്യാമ്പും സംഘടിപ്പിക്കും. സിറ്റിങ്ങില്‍ 45 പരാതികള്‍ പരിഗണിച്ചു. 24 പരാതികള്‍ തീര്‍പ്പാക്കി. 21 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഒരു പുതിയ പരാതി സ്വീകരിച്ചു. അഡ്വ. ഇന്ദിര, ഫാമിലി കൗണ്‍സിലര്‍ രമ്യ, വനിതാസെല്‍ എ.എസ്.ഐ ശാന്ത, സി.പി.യു ജയശ്രീ എന്നിവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it