കാസര്‍കോടിന് നവ്യാനുഭവം പകര്‍ന്ന് ഐ.ഇ.ഡി.സി ഉച്ചകോടി

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കാസര്‍കോട്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍) ഉച്ചകോടി. നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങള്‍ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കള്‍ തയ്യാറാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കാസര്‍കോടിന് ഈ ഉച്ചകോടി ഒരു പുതിയ അനുഭവമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രസംഗത്തില്‍ പറഞ്ഞു.

ഉച്ച കോടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ യുവ സംരംഭകരെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അഭിനന്ദിച്ചു. കേന്ദ്ര കേരള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ രാജേന്ദ്ര പിലാങ്കട്ട, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ കെ.ബി ഹെബ്ബാര്‍, കേരള ഗവ. ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. പി. ജയപ്രകാശ്, എല്‍.ബി.എസ് കോളേജ് സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ഡോ. ജെ. ജയമോഹന്‍, നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് സി.ഇ.ഒ ജ്യോതി ശര്‍മ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക സ്വാഗതവും എല്‍.ബി.എസ് കോളേജ് പ്രധാനാധ്യാപകന്‍ ഡോ. ടി. മുഹമ്മദ് ഷെക്കൂര്‍ നന്ദിയും പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബികയും നാസ്‌കോം സി.ഇ.ഒ ജ്യോതി ശര്‍മ്മയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഐ.ഇ.ഡി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് 950 കാമ്പസ് ഇന്നൊവേറ്റര്‍മാരെ കൊണ്ടുപോയ 'ഇന്നൊവേഷന്‍ ട്രെയിന്‍' എന്ന ഹാക്കത്തോണ്‍ ശൈലിയിലുള്ള സെഷനുകളില്‍ തിരുവനന്തപുരത്തെ ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നുള്ള ആബിദ് എസ്., തിരുവനന്തപുരം സി.ഇ.ടിയിലെ മുഹമ്മദ് റെന്‍സ് ഇക്ബാല്‍ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി. കെ.എസ്യു.എമ്മിന്റെയും കെ-ഡിസ്‌കിന്റെയും സംയുക്ത സംരംഭമായ ഐ.ഇ.ഡി.സി ടാലന്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. നാസ സ്പേസ് ആപ്പ് ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. 2026 മാര്‍ച്ച് ഏഴിന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഐ.ഇ.ഡി.സി സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2026 നടക്കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന സെഷന് ശേഷം 'ഐ.ഇ.ഡി.സി: കാമ്പസ് സെല്ലുകളില്‍ നിന്ന് വെഞ്ച്വര്‍ എഞ്ചിനുകളിലേക്ക്-ഭൂതകാലത്തില്‍ നിന്നുള്ള പാഠങ്ങള്‍, ഭാവിയിലേക്കുള്ള മാര്‍ഗരേഖ' എന്ന വിഷയത്തില്‍ പാനല്‍ സെഷന്‍ നടന്നു. അനൂപ് അംബിക, ഐ.ഐ.എം-കോഴിക്കോട് പ്രൊഫ. ഡോ. സജി ഗോപിനാഥ് എന്നിവര്‍ പ്രഭാഷകരായിരുന്നു. കെ.എസ്.യു.എം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ മോഡറേറ്ററായി. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളുടെ അവതരണത്തിന് പുറമേ എക്‌സ്‌പോ, പാനല്‍ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസ്, ഫയര്‍സൈഡ് ചാറ്റ് എന്നിവയും ഉച്ചകോടിയില്‍ നടന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it