ഇബ്രാഹിം ബേവിഞ്ച സാഹിത്യലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ പ്രതിഭാധനന്‍ -പ്രൊഫ. കെ.പി. ജയരാജന്‍

കാസര്‍കോട്: അധ്യാപകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായിരുന്ന ഇബ്രാഹിം ബേവിഞ്ച മലയാള സാഹിത്യ നിരൂപണ ശാഖയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനായിരുന്നുവെന്ന് നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു. ഉത്തരകേരളത്തില്‍ നിന്ന് മലയാള വിമര്‍ശന ഭൂമികയിലേക്ക് പ്രവേശിച്ച ഇബ്രാഹിം ബേവിഞ്ച സാംസ്‌കാരിക സമന്വയത്തിന്റെയും സനാതന മൂല്യബോധത്തിന്റെയും ശക്തനായ വക്താവായി നിലയുറപ്പിച്ച അതുല്യ പ്രതിഭയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലായ് ലൈബ്രറിയും ബേവിഞ്ച ഫൗണ്ടേഷനും സംയുക്തമായി ഇബ്രാഹിം ബേവിഞ്ച രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച 'ആ പാദമുദ്രകള്‍ മായില്ലൊരിക്കലും' അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു പ്രൊഫ. കെ.പി. ജയരാജന്‍.

കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.എ. ഷാഫി, സി.എല്‍. ഹമീദ്, രവീന്ദ്രന്‍ പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, അഷ്‌റഫലി ചേരങ്കൈ, രാഘവന്‍ ബെള്ളിപ്പാടി, റഫീഖ് നങ്ങാരത്ത്, ഹസൈനാര്‍ തൊട്ടുംഭാഗം, എം.പി. ജില്‍ജില്‍, കെ.കെ. അബ്ദു കാവുഗോളി, കരീം ചൗക്കി, സുലേഖ മാഹിന്‍, ശബാന ബേവിഞ്ച സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് വരച്ച ബേവിഞ്ച മാഷിന്റെ ഛായാചിത്രം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it