ഇവിടെ ഉറൂസിനും ഉത്സവത്തിനും മതത്തിന്റെ അതിര്‍വരമ്പുകളില്ല

ബേക്കല്‍ മഖാം ഉറൂസിന്റെയും മുഖ്യപ്രാണക്ഷേത്ര ഉത്സവത്തിന്റെയും കമാനങ്ങള്‍ ഇരുകമ്മിറ്റികളും സംയുക്തമായി സ്ഥാപിച്ചപ്പോള്‍
കാഞ്ഞങ്ങാട്: ഇവിടെ ഉറൂസും ഉത്സവവും നാടിനെ ചേര്‍ത്തുനിര്‍ത്തുകയാണ്. ഇവിടത്തെ ആഘോഷങ്ങള്‍ക്ക് മതത്തിന്റെ അതിര്‍വരമ്പുകളില്ല. ബേക്കലിലാണ് സൗഹൃദത്തിന്റെ മാതൃക തീര്‍ത്ത് ഉറൂസും ഉത്സവവും നടക്കുന്നത്. ബേക്കല്‍ കോട്ടയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത് പള്ളിയില്‍ ഉറൂസും സമീപത്തെ മുഖ്യ പ്രാണ ക്ഷേത്രത്തില്‍ ഉത്സവവും നടക്കുമ്പോള്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാതാവുകയാണ്. ഉറൂസും ഉത്സവവും ഒരേ സമയത്ത് തന്നെ നടക്കുന്നുവെന്നതും ഈ കൂടിച്ചേരലിന് കരുത്ത് പകരുന്നു. പരിപാടികളുടെ ഭാഗമായി സ്വാഗതമോതുന്ന കമാനങ്ങളും തോരണങ്ങളും രണ്ട് കമ്മിറ്റികളും സംയുക്തമായാണ് ഒരുക്കിയിരിക്കുന്നത്. ജമാഅത്ത് കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും പരസ്പര സന്ദര്‍ശനവും നടത്തി സൗഹൃദം ഊട്ടി ഉറപ്പിക്കുകയാണിവിടെ.
ബേക്കല്‍ മഖാം ഉറൂസ് നാളെയാണ് തുടങ്ങുന്നത്. രാത്രി ഏഴിന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാഫി ബാഖവി ചാലിയം മുഖ്യപ്രഭാഷണം നടത്തും. 11ന് വൈകിട്ട് ഏഴിന് ഡോ. അബ്ദുല്‍ സലാം ഓമശ്ശേരി മോട്ടിവേഷന്‍ ക്ലാസെടുക്കും. 12ന് രാത്രി ഏഴിന് ജില്ലാതല ദഫ് മത്സരം നടക്കും. 13ന് ഷമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. 14ന് നടക്കുന്ന ദര്‍സ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഖാസി സി.എച്ച് അബ്ദുള്ള മുസ്ല്യാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, ബി. മൊയ്തു ഹാജി ബേക്കല്‍ എന്നിവരെ അനുസ്മരിക്കും. ആസിഫ് ഹിമമി അഹ്സനി നേതൃത്വം നല്‍കും. തുടര്‍ന്ന് അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശേല മുഖ്യപ്രഭാഷണം നടത്തും. 15ന് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, 16ന് അനസ് അമാനി പുഷ്പഗിരി, 17ന് അബ്ദുസലാം മുസ് ല്യാര്‍ ദേവര്‍ശാല, 18ന് ഇബ്രാഹിം ഖലീല്‍ ഹുദവി, 19ന് ശുഹൈബുല്‍ ഹൈതമി, 20ന് കടയ്ക്കല്‍ ഷഫീഖ് ബദരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കൂട്ടുപ്രാര്‍ത്ഥനയ്ക്ക് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടക്കും.
പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് നിസാര്‍ ഷാഫി, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി, അജീര്‍ നൈഫ്, ഗഫൂര്‍ ഷാഫി, മുസ്തഫ, ഇഖ്ബാല്‍ ബേക്കറി, ആബിദ് ഹംസ, കെ.കെ ഫമീം തുടങ്ങിയവര്‍ സംബന്ധിച്ചു.