ഓണവിപണി കീഴടക്കാന്‍ ജില്ലയിലെ തന്നെ പൂക്കളും പച്ചക്കറികളും

കാസര്‍കോട്: ഓണവിപണി കീഴടക്കാന്‍ പൂക്കളും പച്ചക്കറികളും ജില്ലയില്‍ തന്നെ ഒരുങ്ങി. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും പൂകൃഷി നടത്തി വരികയാണ്. ഓണം, നവരാത്രി സീസണുകള്‍ ലക്ഷ്യം വെച്ച് നടത്തിയ പൂകൃഷി പദ്ധതിയില്‍ വിവിധ ഇടങ്ങളില്‍ വിളവെടുപ്പിന് പാകമായി കിടക്കുന്ന പൂക്കള്‍ കണ്ണിന് കുളിരേകുന്ന കാഴ്ചയാണ്. കുടുംബശ്രീ അയല്‍ക്കൂട്ടം സ്ത്രീകള്‍ കൂട്ടമായും വ്യക്തികള്‍ മാത്രമായും പൂകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചെണ്ടുമല്ലിയും മുല്ലയുമാണ് ഇത്തവണ വിപണി കീഴടക്കാനെത്തുക. ജില്ലയില്‍ ആകെ 35 ഹെക്ടര്‍ പ്രദേശത്താണ് പൂകൃഷി ചെയ്യുന്നത്. കൃഷിവകുപ്പിന് കീഴില്‍ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഓണവിപണിയിലേക്ക് പച്ചക്കറികളും വിളഞ്ഞ് പാകമായി. ജില്ലയിലെ മുഴുവന്‍ കൃഷിഭവനുകള്‍ക്കും കീഴില്‍ ഓണച്ചന്തയും ഒരുങ്ങും. ഓണവിഭവങ്ങള്‍ക്ക് നാട്ടിലെ കര്‍ഷകരുടെ പച്ചക്കറികള്‍കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it