പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം- ഡോ. വി. ബാലകൃഷ്ണന്‍

കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി ഏറ്റടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയും ഡി.വൈ.എസ്.പിയുമായ ഡോ. വി. ബാലകൃഷ്ണന്‍ പറഞ്ഞു. കുട്ടിവായനക്കാരെയും കുട്ടിയെഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വായനകളരി സംഘടിപ്പിക്കണം. പരിസ്ഥിതി എഴുത്തുശാലകള്‍ നടത്തി തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് കേന്ദ്രീകൃതമായുള്ള പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കണം-അദ്ദേഹം പറഞ്ഞു.

കാസര്‍കോട് തനിമ സംസ്‌കാരികവേദി സംഘടിപ്പിച്ച 'ഇനിയും മരിക്കാത്ത ഭൂമി: പരിസ്ഥിതി വര്‍ത്തമാനങ്ങള്‍' സെമിനാറും ഇ. ഉണ്ണികൃഷ്ണന്‍ രചിച്ച 'മുത്തു പിള്ള' എന്ന പരിസ്ഥിതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പുസ്തക ചര്‍ച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എ മുംതാസ് സ്വാഗതം പറഞ്ഞു. അബു ത്വാഈ അധ്യക്ഷത വഹിച്ചു. എം. കവിത പുസ്തക പരിചയം നടത്തി. പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തകാസ്വാദനം നടത്തി. ഉണ്ണിമാഷ് എഴുത്തനുഭവം പങ്കുവെച്ചു. കഥ പറച്ചിലില്‍ സംസ്ഥാനതലത്തിലും അന്തര്‍ദേശീയ തലത്തിലും സമ്മാനം നേടിയ നാഷണല്‍ ലെവല്‍ പബ്ലിക്ക് സ്പീക്കര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബിന്‍ മൊയ്തീനെ തനിമ കലാസാഹിത്യവേദിക്ക് വേണ്ടി ഡോ.വി. ബാലകൃഷ്ണന്‍ അനുമോദിച്ചു. റഹ്മാന്‍ മുട്ടത്തൊടി നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it