ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഉള്‍പ്പെട്ടത് 94.72 ശതമാനം പേര്‍

ജനുവരി 22 വരെ പരാതി ഉന്നയിക്കാന്‍ അവസരം; അന്തിമ പട്ടിക ഫെബ്രുവരി 21ന്

കാസര്‍കോട്: സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് ശേഷം കാസര്‍കോട് ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ജില്ലയിലെ 94.72 ശതമാനം പേരെ എസ്.ഐ.ആര്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 10,21,345 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത്. ജില്ലയിലെ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ബി.എല്‍.എ, ബി.എല്‍.ഒമാരും കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. എസ്.ഐ.ആര്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തനെന്നും കലക്ടര്‍ പറഞ്ഞു. കരട് പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ ഉന്നയിക്കാം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പേര് ചേര്‍ക്കുന്നതിന് ഫോം 6 പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മരണപ്പെട്ട 18,386 പേരും ബന്ധപ്പെടാന്‍ കഴിയാത്ത 13,689 പേരും സ്ഥലം മാറിപോയ 20,459 പേരും രണ്ട് തവണ പേരുള്ള 2571 പേരും മറ്റ് വിഭാഗത്തില്‍ 1806 പേരുമായി ജില്ലയിലെ 56,911 പേര്‍ എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടില്ല. 5.28 ശതമാനം പേരാണ് ഇത്തരത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമാകാത്തത്. കരട് വോട്ടര്‍ പട്ടിക കലക്ടര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ ബൂത്തുകളുടെ എണ്ണം 983ല്‍ നിന്ന് 1141 ആയി ഉയര്‍ന്നു. 158 ബൂത്തുകള്‍ പുതുതായി രൂപീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.രമേശ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ.എന്‍ ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it