ജില്ലാ സ്‌കൂള്‍ കലോത്സവം കളറാക്കാന്‍ നാട് കൈക്കോര്‍ക്കുന്നു

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ നിര്‍വ്വഹിക്കുന്നു
മൊഗ്രാല്‍: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം കളറാക്കാന്‍ നാട് കൈക്കോര്‍ക്കുന്നു. കലോത്സവത്തിന് വേദിയുണരാന്‍ ഇനി രണ്ടുനാളുകള്‍ മാത്രം ബാക്കിയിരിക്കെ പ്രധാന വേദിയുടെ നിര്‍മ്മാണ പ്രവൃത്തി മൊഗ്രാല്‍ സ്‌കൂള്‍ പ്രധാന ഗ്രൗണ്ടില്‍ പുരോഗമിച്ചുവരികയാണ്. മറ്റു വേദികളും മൊഗ്രാലിലും പരിസരത്തുമായി ഒരുങ്ങുകയാണ്. മേളയുടെ വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ നിര്‍വ്വഹിച്ചു. കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് പെര്‍വാഡ് അധ്യക്ഷത വഹിച്ചു.
കലോത്സവത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഓലക്കൂട, ഓലമെടയല്‍ എന്നിവയില്‍ മത്സരങ്ങള്‍ ആരംഭിച്ചു. ഇന്ന് രാവിലെ കുടുംബശ്രീ സംഗമവും നടന്നു. കുമ്പള കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ശുചിത്വ ബോധവല്‍ക്കരണ ക്ലാസും ഇന്ന് നടന്നു. കലോത്സവത്തിനെത്തുന്ന പ്രതിഭകളെയും അധ്യാപകരെയും യഥാസമയം വേദികളിലെത്തിക്കുന്നതിന് മൊഗ്രാലിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹകരണത്തോടെ സൗഹൃദ ഓട്ടോ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

