വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനം; ജില്ലാതല യോഗം ചേര്‍ന്നു

കാസര്‍കോട്: നമ്മുടെ കാസര്‍കോട് പരിപാടിയുടെ ഭാഗമായി ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറുമായി സംവദിച്ചു. വ്യവസായ എസ്റ്റേറ്റിലേക്കുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് സമീപ ജലസ്രോതസില്‍ ചെക്ക് ഡാം നിര്‍മ്മിക്കാന്‍ സാധ്യതകള്‍ പഠിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. അനന്തപുരം വ്യവസായ എസ്റ്റേറ്റിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേടുന്നതിനായി ഔദ്യോഗിക കത്ത് തയ്യാറാക്കി നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റിലെ വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോവിഡ് കാലത്ത് സ്ഥാപിച്ച സ്പെഷ്യല്‍ ഫീഡര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാമോ എന്ന് പരിശോധിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ചട്ടഞ്ചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫീഡര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

മൈലാട്ടി-വിദ്യാനഗര്‍ 220/110 കെ.വി ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി. പണി നടക്കുമ്പോള്‍ പവര്‍ ഓഫ് ചെയ്യേണ്ട അവസ്ഥയുണ്ടെന്നും ഫൗണ്ടേഷന്‍ വര്‍ക്ക് 80% പൂര്‍ത്തിയായിട്ടുണ്ടെന്നും മഞ്ചേശ്വരം 110 കെ.വി സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വ്യക്തമാക്കി.

അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ വൈദ്യുത ക്ഷാമം പരിഹരിക്കാനായി ബദിയടുക്ക-അനന്തപുരം സിംഗിള്‍ സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാര്‍ ശുപാര്‍ശ നല്‍കി.

ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനായി അനന്തപുരം, മടിക്കൈ-പുതുക്കൈ വ്യവസായ എസ്റ്റേറ്റുകളില്‍ സംയുക്ത പരിശോധന നടത്തണമെന്നും ചെക്ക് ഡാം നിര്‍മ്മിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലാലി ജോര്‍ജ്ജ്, കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചജിനീയര്‍ ആശ ടി.പി, മാവുങ്കാല്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസി. എഞ്ചിനീയര്‍ പി. പ്രമോദ്, കാഞ്ഞങ്ങാട് സബ് സ്റ്റേഷന്‍ അസി. എഞ്ചിനീയര്‍ മണികണ്ഠന്‍ കെ, മഞ്ചേശ്വരം സബ് സ്റ്റേഷന്‍ അസി. എഞ്ചിനീയര്‍ അഖില്‍ കൃഷ്ണന്‍ എം.എസ്, കാസര്‍കോട് സബ് സ്റ്റേഷന്‍ അസി. എഞ്ചിനീയര്‍ ഭാസ്‌കരന്‍ എം, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ചട്ടഞ്ചാല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ കപില്‍ മോഹന്‍, കെ.എസ്.ഇ.ബി കാസര്‍കോട് പ്രതിനിധി സുരേഷ് കുമാര്‍ എസ്.ബി, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട് കെ., പുതുക്കൈ വ്യവസായ എസ്റ്റേറ്റ് വ്യവസായ പ്രതിനിധി കെ.കെ. ഇബ്രാഹിം, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ വ്യവസായ പ്രതിനിധി ഡെവലപ്‌മെന്റ് അസോസിയേഷന്‍ മനോജ് കെ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it