മരണത്തോട് പടപൊരുതി നേടിയതാണ് ഈ ജീവിതം
വിരമിക്കല്‍ പ്രസംഗത്തില്‍ വാക്കുകള്‍ ഇടറി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ഉപഹാരം നല്കുന്നു
മൊഗ്രാല്‍: മരണത്തോട് പട പൊരുതി നേടിയതാണ് ഈ ജീവിതമെന്നും വൈകല്യങ്ങളെ പരാതികളായി ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നും നേരിട്ട ഒരുപാട് ജീവിതാനുഭവങ്ങളാണ് വിജയത്തിലേക്ക് നയിച്ചതെന്ന വിശ്വാസമാണ് മുന്നിലുള്ളതെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ടി.വി മധുസൂദനന്‍. മൊഗ്രാലിലെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വിരമിക്കല്‍ ചടങ്ങ് സ്നേഹ സമ്പന്നമായ ഇശല്‍ ഗ്രാമത്തില്‍ നിന്നായത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തിലെ ബാധിച്ച പോളിയോ കാലിന് ക്ഷതമുണ്ടാക്കിയെങ്കിലും മനസ്സ് പതറിയില്ല. വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ വകുപ്പില്‍ പ്രവേശിച്ച് നീണ്ട 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളും സദസ്സുമായി പങ്കുവെച്ചപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ അധ്യക്ഷത വഹിച്ചു. എ. കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാഥിതിയായി. സിദ്ദീഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സെഡ്.എ മൊഗ്രാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, പഞ്ചായത്ത് മെമ്പര്‍ ജമീല ഹസ്സന്‍, പി.ടി.എ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡണ്ട് റിയാസ് കരീം, പ്രിന്‍സിപ്പള്‍ ബിനി വി.എസ്, ഹെഡ്മാസ്റ്റര്‍ ജെ. ജയറാം, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ ആസിഫ്, റിയാസ് മൊഗ്രാല്‍, മാഹിന്‍ മാസ്റ്റര്‍, നാസര്‍ മൊഗ്രാല്‍, കെ.എം മുഹമ്മദ്, അഷ്റഫ്, എം.എ മൂസ ഹാദി തങ്ങള്‍, ഇര്‍ഷാദ് മൊഗ്രാല്‍, ടി.എം ശുഹൈബ്, എം.പി അബ്ദുല്‍ ഖാദര്‍, ഹര്‍ഷാദ് തവക്കല്‍, അബ്ബാസ് നടുപ്പള്ളം, അഷ്റഫ് പെര്‍വാഡ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഹസീന, സ്റ്റാഫ് സെക്രട്ടറി ഫാത്തിമ, തസ്നിം തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ടി ബെന്നി നന്ദി പറഞ്ഞു.

