ജില്ലയിലും കെ.എസ്.ആര്‍.ടി.സിയില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം തുടങ്ങി; ദുരിതമെന്ന് ജീവനക്കാര്‍

കാഞ്ഞങ്ങാട്: ജില്ലയിലും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാട് സംവിധാനം തുടങ്ങി. ഏതാനും ബസുകളില്‍ ഡിജിറ്റല്‍ സംവിധാനം തുടങ്ങിയെങ്കിലും ദുരിതമാകുകയാണെന്ന് ജീവനക്കാര്‍. ചില്ലറ ക്ഷാമം പരിഹരിക്കുന്നതോടൊപ്പം ഹൈടെക് ആവുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ഡിജിറ്റല്‍ ഇടപാട് തുടങ്ങിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ചലോ ആപ്പ് സംവിധാനം തുടങ്ങിയത്. എന്നാല്‍ സംവിധാനത്തില്‍ പൂര്‍ണ വിജയം നേടാന്‍ ആയില്ലെന്നാണ് ജീവനക്കാരുടെ ഇടയിലുള്ള സംസാരം. കണ്ടക്ടര്‍ ടിക്കറ്റ് ചാര്‍ജ് സെറ്റ് ചെയ്തതിനുശേഷം യാത്രക്കാരന്‍ ഗൂഗിള്‍പേ വഴി സ്‌കാന്‍ ചെയ്ത് പണം അയക്കുന്നതാണ് സംവിധാനം. എന്നാല്‍ നെറ്റ് പ്രശ്‌നം പലപ്പോഴും ഗൂഗിള്‍പേ ചെയ്യുന്നതിന് തടസ്സമാകുന്നു. സ്‌കാന്‍ ചെയ്ത് പണം അയച്ചാല്‍ മാത്രമേ യന്ത്രത്തില്‍ നിന്ന് ടിക്കറ്റ് പുറത്തു വരുകയുള്ളൂ. അതേസമയം ഒന്നിലധികം തവണ പൈസ പോകുന്നതായും യാത്രക്കാര്‍ പറഞ്ഞു. പോയ പണം തിരിച്ച് 24 മണിക്കൂര്‍ നേരം അക്കൗണ്ടിലേക്ക് തിരിച്ച് കയറുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ യാത്രക്കാര്‍ക്ക് സംവിധാനത്തിന്റെ മതിപ്പ് ഇല്ലാതാക്കുന്നുണ്ട്. പലപ്പോഴും യാത്രക്കാരന്‍ പണം അയച്ചു കഴിഞ്ഞാലും ടിക്കറ്റ് ലഭിക്കാത്ത പ്രശ്‌നങ്ങളുമുണ്ട്. നെറ്റ്‌വര്‍ക്ക് പ്രശ്‌നവും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ബസിന്റെ സമയത്തെയും ബാധിക്കുന്നു. സ്‌കാന്‍ ചെയ്ത് പണം അയക്കുന്ന സംവിധാനത്തില്‍ യാത്രക്കാര്‍ക്ക് ഏറെ താല്‍പര്യമുണ്ടെങ്കിലും ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു. ബസുകള്‍ക്ക് ആവശ്യമായ ചെലവ് മെഷീന്‍ സിം കാര്‍ഡ് സര്‍വ്വര്‍ ആവശ്യമായ പേപ്പര്‍ ബില്‍, ഡിപ്പോകളിലേക്ക് നാല് കമ്പ്യൂട്ടര്‍ പ്രിന്റുകള്‍ എന്നിവ സ്വകാര്യ കമ്പനിയാണ് നല്‍കുന്നത്. ഒരു ടിക്കറ്റിന് 13.7 പൈസയും ജി.എസ്.ടി.യുമാണ് സ്വകാര്യ കമ്പനിക്ക് കെ.എസ്.ആര്‍. ടി.സി നല്‍കേണ്ടത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it