അരനൂറ്റാണ്ട് മുമ്പ് പരിചയപ്പെട്ട സുഹൃത്തിനെ തിരഞ്ഞെടുപ്പ് തിരക്കിനിടയിലും കെ. സുധാകരന്‍ മറന്നില്ല

കാസര്‍കോട്: 50 വര്‍ഷം മുമ്പ് തുടങ്ങിയ സൗഹൃദം തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും മുന്‍ കെ.പി.സി.സി. പ്രസിഡണ്ടും എം.പിയുമായ കെ. സുധാകരന്‍ മറന്നില്ല. 1975-76 കാലഘട്ടത്തില്‍ എറണാകുളത്ത് വെച്ച് പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയും പ്രവാസിയുമായ മജീദ് തെരുവത്ത് ഇന്നലെ തന്നെ കാണാനെത്തിയപ്പോള്‍ ഒരു നിമിഷം സുധാകരന്‍ തിരക്കുകള്‍ മറന്ന് സൗഹൃദത്തിന്റെ ആ ഓര്‍മ്മകളിലേക്ക് മടങ്ങി.

1975ല്‍ സുധാകരന്‍ എറണാകുളത്ത് എല്‍.എല്‍.ബിക്ക് പഠിക്കുന്ന കാലത്താണ് മജീദിനെ പരിചയപ്പെടുന്നത്. മജീദ് അന്ന് ബന്ധുവിന്റെ എറണാകുളത്തെ ഭാരത് പ്ലാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന ബെസ്റ്റോ ലോഡ്ജിലാണ് സുധാകരന്‍ അന്ന് താമസിച്ചിരുന്നത്.

അദ്ദേഹം യുവ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ടായിരുന്നു അന്ന്. പില്‍കാലത്ത് പലപ്പോഴും നാട്ടില്‍വെച്ചും ഗള്‍ഫില്‍ വെച്ചും ഇരുവരും തമ്മിലുള്ള സൗഹൃദം പുതുക്കി. ഇന്നലെ കണ്ണൂര്‍ നടാലിലെ വീട്ടില്‍ സുധാകരന്‍ മജീദ് തെരുവത്ത് സന്ദര്‍ശിക്കുകയായിരുന്നു. ഏറെ നേരം ഇരുവരും തമ്മില്‍ പഴയ സൗഹൃദം അയവിറക്കി. മകന്റെ കല്യാണത്തിന് കൂടി ക്ഷണിച്ചാണ് മജീദ് മടങ്ങിയത്. സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഷാഫി തെരുവത്തും ഒപ്പമുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it