മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ തിരക്കേറുന്നു; കുമ്പള പഞ്ചായത്ത് 32 ലക്ഷം രൂപയുടെ മരുന്നെത്തിച്ചു

മൊഗ്രാല്‍: പ്രകൃതിദത്ത യുനാനി ചികിത്സ ഫലപ്രദമെന്ന് കണ്ടതോടെ മൊഗ്രാലിലെ ഏക സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ രോഗികകളുടെ തിരക്കേറുന്നു. ഈ വര്‍ഷം തുടക്കത്തില്‍ നേരിയ മരുന്ന് ക്ഷാമം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡിസ്‌പെന്‍സറിയുടെ ഭരണചുമതല വഹിക്കുന്ന കുമ്പള പഞ്ചായത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2 ലക്ഷം രൂപ അധികരിപ്പിച്ച് 32 ലക്ഷം രൂപയുടെ മരുന്ന് അടിയന്തരമായി എത്തിച്ചു നല്‍കിയത് രോഗികള്‍ക്ക് ആശ്വാസമായി. മരുന്ന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയ വിവരം യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി പഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ആദ്യത്തെ അജണ്ട വെച്ച് വിഷയം ചര്‍ച്ച ചെയ്യുകയും മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തത്. ഇതിന് പുറമെ പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെയും ഭാരതീയ ചികിത്സാ വകുപ്പില്‍ നിന്നും മരുന്നിനായി സഹായം ലഭിക്കാറുണ്ട്. ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2020-21 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററായി ഉയര്‍ത്തിയതോടെ ജില്ലയിലെയും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന്‌പോലും രോഗികള്‍ ചികിത്സ തേടി എത്തിത്തുടങ്ങി. പുതുതായി ആരംഭിച്ച ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ റെജിമെന്റ്‌തെറാപ്പിയും ഫിസിയോതെറാപ്പിയും ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കിവരുന്നുണ്ട്. കേരളത്തിലെ ഏക സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ കൂടി ലഭ്യമാക്കി യുനാനി ആസ്പത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it