രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ്-എം.വി ഗോവിന്ദന്‍

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് കോണ്‍ഗ്രസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും സൈബര്‍ ആക്രമണം നടക്കുകയാണ്. കൂടുതല്‍ വെളിപ്പെടുത്തല്‍ വരാതിരിക്കാനാണ് ഇപ്പോഴുള്ള ഇരയെ ആക്രമിക്കുന്നത്. കൂടുതല്‍ പരാതികള്‍ ഉണ്ടെന്ന് ചെന്നിത്തലയും ഉണ്ണിത്താനും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വരുന്നതാണ് ഇ.ഡി നോട്ടീസ്. മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചതില്‍ അദ്ദേഹം പ്രതികരിച്ചു. ഇത് ഇ.ഡിയുടെ രാഷ്ട്രീയ കളിയാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലാകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുളള നടപടിയാണിതെന്നും കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നുകയറ്റമാണ് നടക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ വരുമ്പോള്‍ മാത്രമാണ് രാഷ്ട്രീയ പ്രേരിതമെന്ന് അവര്‍ പറയുന്നത്. മസാല ബോണ്ട് സംബന്ധിച്ച് ഒരു ചോദ്യവും ഇ.ഡി ഉന്നയിച്ചിട്ടില്ല. ബോണ്ട് വഴി ലഭിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് മാത്രമാണ് നോട്ടീസില്‍ ചോദിച്ചിട്ടുള്ളത്. വര്‍ഗീയ ശക്തികളാണ് എല്‍.ഡി.എഫിന്റെ ശത്രു. ഏറ്റവും പ്രധാനപ്പെട്ടത് ഭൂരിപക്ഷ വര്‍ഗീയതയാണ്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വര്‍ഗീയതയും പ്രധാന ശത്രുവാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആശയതല നിലപാടാണ് ലീഗിനെയും കോണ്‍ഗ്രസിനെയും നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it