ജില്ലാ വൈദ്യുതി ഭവനിലേക്ക് സി.ഒ.എ പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരെ പ്രതിസന്ധിയിലാക്കുന്ന കെ.എസ്.ഇ.ബി-യുടെ നിലപാടിനെതിരെ സംസ്ഥാനത്തെ വൈദ്യുതി ഭവനുകള്‍ക്ക് മുന്നില്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍(സി.ഒ.എ) നടത്തിയ സമരം മുന്നറിയിപ്പായി മാറി. ഇതിന്റെ ഭാഗമായി സി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിദ്യാനഗറിലെ ജില്ലാ വൈദ്യുതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് സുനില്‍ ഗവാസ്‌ക്കര്‍ റോഡില്‍ നിന്നും ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രതിഷേധ ബോര്‍ഡും കൈയ്യിലേന്തി നീങ്ങിയ മാര്‍ച്ച് വൈദ്യുതി ഭവന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് സമര വൊളണ്ടീയര്‍മാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചു.

പ്രതിഷേധ യോഗം സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എം.ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, സതീഷ് കെ. പാക്കം, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി സ്വാഗതവും ജില്ലാ ട്രഷറര്‍ പി.വിനോദ് നന്ദിയും പറഞ്ഞു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.ബി സുരേഷ് ബാബുവിന് നിവേദനവും കൈമാറി.

കേബിള്‍ ടി.വി, ബ്രോഡ്ബാന്‍ഡ് വൈദ്യുതി പോസ്റ്റ് വാടക പിന്‍വലിക്കുക, ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ക്ക് പ്രത്യേക നിരക്ക് തീരുമാനം പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ റൈറ്റ് ഓഫ് വേ നിര്‍ദ്ദേശം കേബിള്‍ ടിവിക്ക് കൂടി ബാധകമാക്കുക, ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കെ-ഫോണ്‍ സൗജന്യ കണക്ഷനുകള്‍ക്ക് പോസ്റ്റ് വാടക ഒഴിവാക്കുക, കെ-ഫോണ്‍ ഫൈബര്‍ അനുവദിക്കുന്നതിലെ കാലതാമസവും വിവേചനവും അവസാനിപ്പിക്കുക, ചെറുകിട സംരംഭകരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിലൂടെ മുന്നോട്ടുവെച്ചത്. സി.ഒ.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ദിവാകര, പുരുഷോത്തം നായിക്, പി.കെ മനോജ് കുമാര്‍, സുധീഷ്, നീലേശ്വരം മേഖലാ പ്രസിഡണ്ട് ശ്രീധരന്‍ വെള്ളച്ചാല്‍, സി.ഒ.എ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രകാശന്‍, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി ബൈജുരാജ്, കാസര്‍കോട് മേഖലാ ട്രഷറര്‍ ചിത്ര. ജി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it