വൃന്ദവാദ്യത്തില്‍ ഹാട്രിക് നേട്ടവുമായി ചട്ടഞ്ചാല്‍ സ്‌കൂള്‍ ടീം

കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നലെ രാത്രി 12 മണിയോടെ അവസാനിച്ചത് ഒന്നാം വേദിയില്‍ അരങ്ങേറിയ, കാതും കരളും കവര്‍ന്ന ഹൈസ്‌ക്കൂള്‍ വിഭാഗം വൃന്ദവാദ്യത്തോടെയാണ്. മത്സരത്തിന് ഒരു ടീം മാത്രമെ ഉള്ളൂവെന്ന ആസ്വാദകരുടെ നിരാശ ഉജ്ജ്വലമായ പ്രകടനത്തിലൂടെ ചട്ടഞ്ചാല്‍ സ്‌കൂള്‍ കുട്ടികള്‍ അസ്ഥാനത്താക്കി. വിധി കര്‍ത്താവായി എത്തിയ ഗായകന്‍ കിരണ്‍ അഭിപ്രായപ്പെട്ടത് പോലെ 'ഒന്നേയുണ്ടായിരുന്നുള്ളൂവെങ്കിലും ഒന്നാന്തരമായി' പ്രകടനം. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് വൃന്ദവാദ്യത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂളിന്റെ കൗമാരതാരങ്ങളായ മുഹമ്മദ് ഹസന്‍ ഫാസും സംഘവും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയത്. സംഗീതജ്ഞന്‍ ഡോ. ശിവപ്രസാദിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയ ടീമിന്റെ പ്രകടനം കാണികളെ പിടിച്ചിരുത്തി. വെസ്റ്റേണ്‍ ഇന്‍ട്രോയില്‍ തുടങ്ങി നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന പഴയകാല സിനിമയിലെ 'ആയിരം കണ്ണുമായി...' എന്ന ഗാനം വയലിനില്‍ ദേവദത്തന്‍ ബാക്ക് ഗ്രൗണ്ട് മാജിക് തീര്‍ത്തപ്പോള്‍ മുഹമ്മദ് ഹസന്‍ ഫാസ് കീ ബോര്‍ഡില്‍ ലീഡ് സോംഗ് വായിച്ചു. ഒരു ജുഗല്‍ബന്ദി ആസ്വദിച്ച കാണികള്‍ മുഴുവനും മെലഡിയില്‍ അറിയാതെ താളം പിടിക്കുന്നത് കാണാമായിരുന്നു. ടീമംഗങ്ങളുടെ കോര്‍ഡിനേഷന്‍ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. പഴയ കാലത്തെ യൗവനങ്ങളെ ത്രസിപ്പിച്ച സംഗീത സംവിധായകന്‍ കാണാമറയത്ത് സിനിമയിലെ ഒരു മധുരക്കിനാവിലൂടെ എന്ന ഗാനത്തിന്റെ താളം മധുരതരമായി ഊര്‍ന്നിറങ്ങിയപ്പോള്‍ കേട്ടുമതിയായില്ലെന്ന സങ്കടത്തോടെയാണ് കര്‍ട്ടന്‍ താഴുന്നത് സദസ് കണ്ടുനിന്നത്. സിദ്ധാര്‍ത്ഥന്‍ ജാസ് ഡ്രംസും വിശ്വജിത്ത് റിഥം പാഡും ശ്രീനന്ദന്‍ ബേസ് ഗിറ്റാറും കൈകാര്യം ചെയ്തു. നവോത്ഥാന്‍, ഇഷാന്‍ ജംഷിദ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it