കാര്‍ റാലി ചാമ്പ്യന്‍ മൂസാ ഷരീഫിന് ജന്മനാടിന്റെ പ്രൗഢ സ്വീകരണം

മൊഗ്രാല്‍: ദേശീയ-അന്തര്‍ദേശീയ കാര്‍ റാലികളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജൈത്രയാത്രയിലൂടെ ഇന്ത്യയുടെ കാര്‍ റാലി സര്‍ക്യൂട്ടിനെ കായികലോകത്തെ ആഗോളവേദിയില്‍ ഉയര്‍ത്തിക്കാട്ടിയ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫിന് ജന്മനാട് പ്രൗഢോജ്വലമായ സ്വീകരണം നല്‍കി. ഷരീഫിന്റെ ബാല്യകാല സ്‌നേഹബന്ധങ്ങളുടെ കൂട്ടായ്മയായ മൊഗ്രാല്‍ 'സ്‌നേഹാലയം' സ്നേഹകൂട്ടായ്മയാണ് സ്വീകരണ പരിപാടി ഒരുക്കിയത്. മൊഗ്രാല്‍ ഗവ. യുനാനി ആസ്പത്രി പരിസരത്ത് നിന്ന് ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയാണ് മൂസ ഷരീഫിനെ വേദിയിലേക്ക് ആനയിച്ചത്. നിരവധി സംഘടനാ പ്രതിനിധികളും നാട്ടുകാരും അണിനിരന്നു.

മൊഗ്രാല്‍ റഹ്മാനിയ കോമ്പൗണ്ടില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ മാധ്യമപ്രവര്‍ത്തകന്‍ ടി.എ ഷാഫി മൂസ ഷരീഫിന് തലപ്പാവ് അണിയിച്ച് ആദരിച്ചു. റഹ്മാനിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ പൊന്നാട അണിയിച്ചു. സെഡ്.എ മൊഗ്രാല്‍, അബ്ബാസ് കൂള്‍ ഫോം എന്നിവര്‍ ചേര്‍ന്ന് സ്‌നേഹാലയത്തിന്റെ സ്‌നേഹസമ്മാനം സമര്‍പ്പിച്ചു. മൊഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്, ദീനാര്‍ യുവജന സംഘം, റൈസിങ് സ്റ്റാര്‍, റെഡ് സ്റ്റാര്‍ ക്ലബ് തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ ഉപഹാരങ്ങള്‍ നല്‍കി. എം.എ സൈനുദ്ദീന്‍ ആരിഫ് മൂസാ ഷരീഫിനെ പരിചയപ്പെടുത്തി. എം. മാഹിന്‍ മാസ്റ്റര്‍, ഹമീദ് സ്പിക്, ടി.എം ഷുഹൈബ്, സിദ്ദീഖലി മൊഗ്രാല്‍, ടി.കെ അന്‍വര്‍, എം.പി അബ്ദുല്‍ ഖാദര്‍, ബി.എ ലത്തീഫ് ആദൂര്‍ പ്രസംഗിച്ചു. മൂസാ ഷരീഫ് മറുപടി പ്രസംഗം നടത്തി. എം.എ അബ്ബാസ്, അബ്ദുല്‍ റഹ്മാന്‍ സൂപ്പര്‍, പി.എ ആസിഫ്, ഇസ്മത് ഇനു, ദാവൂദ് പെര്‍വാഡ്, സുലൈമാന്‍ ലിബര്‍ട്ടി എന്നിവര്‍ നേതൃത്വം നല്‍കി. എ.എം സിദ്ദീഖ് റഹ്മാന്‍ സ്വാഗതവും ഷക്കീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it