സമരസപ്പെടാത്ത എഴുത്തുകാരായുള്ളത് ആധാരം എഴുത്തുകാര്‍ മാത്രം; ഇപ്പോഴുള്ളത് തടി കയ്ച്ചലാക്കിയുള്ള വിമര്‍ശനങ്ങള്‍ -പി.ടി നാസര്‍
ഓര്‍മ്മകളില്‍ നിറഞ്ഞ് അഹ്മദ് മാഷ്; അനുസ്മരണ ചടങ്ങിന് നിറഞ്ഞ സദസ്

കെ.എം അഹ്മദ് മാഷിന്റെ 15-ാം ഓര്‍മ്മദിനത്തില്‍ കാസര്‍കോട് സാഹിത്യവേദി സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.ടി നാസര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: സമരസപ്പെടാത്ത എഴുത്തുകാരായി ആധാരം എഴുത്തുകാര്‍ മാത്രമാണുള്ളതെന്നും സാഹിത്യത്തിലായാലും സിനിമയിലായാലും അവനവന്റെ തടി കയ്ച്ചലാക്കിയിട്ടുള്ള വിമര്‍ശനങ്ങള്‍ മാത്രമെ ഇപ്പോള്‍ ഉള്ളൂവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.ടി നാസര്‍ പറഞ്ഞു. കെ.എം അഹ്മദ് മാഷിന്റെ 15-ാം ഓര്‍മ്മദിനത്തില്‍ കാസര്‍കോട് സാഹിത്യവേദി സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത്, 'സമരസപ്പെടാത്ത എഴുത്താളുകള്‍' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷനായി കിട്ടുന്ന പണത്തേക്കാള്‍ കൂടുതല്‍ മരുന്ന് വാങ്ങാന്‍ വേണ്ടിവരുന്ന അവസ്ഥ വന്നതോടെ പലരും നോവലും കവിതയുമൊക്കെ എഴുതുന്നത് നിര്‍ത്തിക്കളഞ്ഞുവെന്നും പി.ടി നാസര്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വിമര്‍ശിച്ച് എഴുതി തുടങ്ങിയ ശശി തരൂര്‍ ബി.ജെ.പിയിലൂടെയായിരിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക എന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്ന് എം.പിയും കേന്ദ്രമന്ത്രിയുമൊക്കെയായി പാര്‍ട്ടിയിലെ എല്ലാ പദവികളും അനുഭവിച്ച് കോണ്‍ഗ്രസുമായി സമരസപ്പെട്ടു. നരേന്ദ്രമോദിയെ തന്റെ എഴുത്തിലൂടെ നിരന്തരം വിമര്‍ശിച്ച തരൂര്‍ പിന്നീട് മോദിയുമായും സമരസപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ശക്തമായി വിമര്‍ശിച്ച് വേറെയും എഴുതിയിട്ടുണ്ട് അദ്ദേഹം. എന്നാല്‍ അവരോടും സമരസപ്പെട്ട് ബ്രിട്ടീഷുകാരെ വീണ്ടും ഇന്ത്യയില്‍ വന്ന് ഭരിക്കാന്‍ ക്ഷണിക്കുമോ എന്നാണ് ജനങ്ങളുടെ പേടി. ഇതാണ് എഴുത്തുകാരുടെ അവസ്ഥ. എല്ലാത്തിനോടും സമരസപ്പെടുകയാണ്. നമ്മുടെ കാലഘട്ടത്തില്‍ സമരസപ്പെടാത്ത, കീഴ്‌പ്പെടാത്ത രണ്ട് എഴുത്തുകാരേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് എം.ടിയും മറ്റൊരാള്‍ ടി.ജെ.എസ് ജോര്‍ജും. എം.ടി ഏറ്റവുമൊടുവില്‍ 2024ല്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടു. ഭരണാധികാരിയെ ഇരുത്തിക്കൊണ്ട് തന്നെ പറയേണ്ട കാര്യങ്ങള്‍ പറയാന്‍ കഴിയണം. ടി.ജെ.എസ് ജോര്‍ജ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ 'പോയിന്റ് ഓഫ് വ്യൂ' എന്ന ഒരു പ്രതിവാരകോളം എഴുതിയിരുന്നു. 2022ല്‍ അതിന്റെ 25-ാം വാര്‍ഷികം പൂര്‍ത്തിയാവുന്ന ദിവസം അദ്ദേഹം ആ കോളം നിര്‍ത്തിക്കളഞ്ഞു. 'ഇത് ഇനി അവസാനിപ്പിക്കാനുള്ള സമയമായി, വിമര്‍ശനം എന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്ന ഒരു ദിവസം വരുന്നതിന് മുമ്പ് അവസാനിപ്പിക്കുന്നതാണ് നല്ലത്' എന്നെഴുതിയാണ് ടി.ജെ.എസ് ആ കോളം അവസാനിപ്പിച്ചത്-പി.ടി നാസര്‍ പറഞ്ഞു.
എല്ലാ മേഖലയിലും പ്രതിഭ തെളിയിച്ച അഹ്മദ് മാഷിനെ അദ്ദേഹം അറിയാതെ താന്‍ തന്റെ ഗുരുവായി വരിച്ച അനുഭവവും കര്‍ണാടകയിലെ ഒരു തിരഞ്ഞെടുപ്പ് കാലത്തെ ഓര്‍ത്തെടുത്ത് പി.ടി നാസര്‍ വിവരിച്ചു. മാധ്യമം പത്രത്തിന് വേണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോയതായിരുന്നു ഞാന്‍. ഇതിനിടയില്‍ അഹ്മദ് മാഷും മാതൃഭൂമിയില്‍ തിരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജോര്‍ജിനെ വീട്ടില്‍ ചെന്ന് കണ്ട് അഭിമുഖം നടത്തുകയുണ്ടായി. ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമെ മാധ്യമത്തിന് വേണ്ടി ഒരു സ്‌പെഷ്യല്‍ സ്റ്റോറി തയ്യാറാക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ കുറെ വിവരങ്ങളും പഴയ ഫോട്ടോകളുമൊക്കെ ശേഖരിച്ചിരുന്നു. ഇന്റര്‍വ്യൂ മാത്രം പിറ്റേന്നത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ച് സ്റ്റോറി മറ്റൊരു ദിവസം കൊടുക്കാമെന്നാണ് കരുതിയത്. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ മാധ്യമം എഡിറ്റര്‍ വിളിച്ച് എന്നോട് കയര്‍ക്കാന്‍ തുടങ്ങി. നീയൊക്കെ എന്ത് പത്രപ്രവര്‍ത്തകനാണടോ, മാതൃഭൂമിയിലെ അഹ്മദിനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞ് എഡിറ്റര്‍ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് മാതൃഭൂമി പത്രം എടുത്ത് നോക്കിയപ്പോള്‍ മുന്‍ പേജില്‍ എട്ട് കോളം ബോട്ടം സ്റ്റോറിയായി അഹ്മദ് മാഷിന്റെ ബൈലൈനോട് കൂടി വലിയ വാര്‍ത്ത. ഞാന്‍ പിറ്റേന്ന് കൊടുക്കാമെന്ന് കരുതിയ വാര്‍ത്ത വളരെ വിശദമായി ഫോട്ടോസ് സഹിതം മാഷ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഞാന്‍ കുറിച്ചുവെച്ച സ്റ്റോറിയും ഫോട്ടോയും എന്റെ പോക്കറ്റില്‍ തന്നെയുണ്ടായിരുന്നു. എങ്ങനെയാണ് ഒരു പത്ര പ്രവര്‍ത്തകന്‍ ചടുല വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് തനിക്ക് പഠിപ്പിച്ചുതന്ന മാധ്യമ പ്രവര്‍ത്തകനാണ് അഹ്മദ് മാഷ്- പി.ടി നാസര്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ റഹ്മാന്‍ തായലങ്ങാടി അഹ്മദ് മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കിളിവാതില്‍ തുറന്നു. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ.എം അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. വേണു കണ്ണന്‍ വരച്ച അഹ്മദ് മാഷിന്റെ ഛായാചിത്രം മുജീബ് അഹ്മദിന് കൈമാറി. നാരായണന്‍ പേരിയ, അഡ്വ. ടി.വി ഗംഗാധരന്‍, ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, മുജീബ് അഹ്മദ്, പ്രദീപ് നാരായണന്‍, മനോജ് മയ്യില്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി എം.വി സന്തോഷ് സ്വാഗതവും ട്രഷറര്‍ എരിയാല്‍ ഷെരീഫ് നന്ദിയും പറഞ്ഞു. അഹ്മദ് മാഷിന്റെ സുഹൃത്തുക്കളും മാഷിനെ സ്‌നേഹിക്കുന്നവരും കുടുംബാംഗങ്ങളും അടക്കം നിറഞ്ഞ സദസ് അനുസ്മരണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
വേണു കണ്ണന്‍ വരച്ച അഹ്മദ് മാഷിന്റെ ഛായാചിത്രം മുജീബ് അഹ്മദിന് കൈമാറുന്നു

