ജില്ലയിലെ കവുങ്ങ് കൃഷി പ്രതിസന്ധി; പഠനത്തിന് വിദഗ്ധ സമിതി വരുന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ കര്‍ഷകര്‍ക്ക് ദുരിതമായ കവുങ്ങ് രോഗങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനും വിദഗ്ധരുടെ സമിതി രൂപീകരിക്കുന്നു. മേഖലയില്‍ രോഗം വ്യാപകമായ സാഹചര്യത്തിലാണിത്. സമിതി നാശനഷ്ടങ്ങളും വിലയിരുത്തും. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരടങ്ങിയ സമിതിയാണ് രൂപീകരിക്കുകയെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഉദ്യോഗസ്ഥരും സംബന്ധിച്ചു. തിരുവനന്തപുരത്താണ് യോഗം ചേര്‍ന്നത്. മേഖലയിലെ നാശനഷ്ട കണക്ക് ശേഖരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സാദ്ധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതി മുഖേനയും സാധ്യമായ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കും. കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്നും പദ്ധതി ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകത്തക്ക വിധം ഫീല്‍ഡ് തലത്തില്‍ കാമ്പുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതികളില്‍ ഓരോ പ്രദേശത്തിനാവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കണമെന്നും രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം കവുങ്ങിന്റെ ആരോഗ്യ സംരക്ഷണത്തിന് ജൈവ വളങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വളപ്രയോഗ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദേശിച്ചു. കവുങ്ങ് കര്‍ഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന തല ബാങ്കിങ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലപ്പുള്ളി രോഗം ആരംഭത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കുന്നതിന് കാര്‍ബണ്‍ ഫൈബര്‍ പോള്‍ സ്‌പ്രേ പോലുള്ള നൂതന മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷറഫ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍ പ്രതീക് ജെയിന്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാന്റ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. വിനായക ഹെഗ്ഡെ, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it