കാസര്‍കോടിന്റെ വികസനത്തിന് പൊതുവായ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം -ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംയുക്തമായി കാസര്‍കോട് @ 40 ജില്ല കടന്നുപോയ 40 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോടിന്റെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനും വിഭാഗീയതകള്‍ക്കും അതീതമായ പൊതുവായ പ്ലാറ്റ്‌ഫോം രൂപപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാറിന്റെ കുടുംബശ്രീ അടക്കമുള്ള വനിതാ കേന്ദ്രീകൃത പദ്ധതികളും ജനകീയ ആസൂത്രണവും ജില്ലയുടെ വികസനത്തിന് വഴിത്തിരിവായെന്ന് പ്രസിഡണ്ട് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംയുക്തമായി കാസര്‍കോട് @ 40 ജില്ല കടന്നുപോയ 40 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 40 വര്‍ഷത്തിനകത്ത് കാസര്‍കോട് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സെമിനാര്‍ മോഡറേറ്റര്‍ ഡോ. വി.പി.പി. മുസ്തഫ പറഞ്ഞു. കാസര്‍കോടിന്റെ ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തില്‍ പ്രൊഫ. സി. ബാലന്‍ പ്രബന്ധാവതരണം നടത്തി. കാസര്‍കോടിന്റെ കാര്‍ഷിക സംസ്‌കൃതി എന്ന വിഷയത്തില്‍ ഡോ. സി.തമ്പാനും സര്‍ക്കാറും വികസനവും എന്ന വിഷയത്തില്‍ പപ്പന്‍ കുട്ടമത്തും നവ കേരളവും കാസര്‍കോടും എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണനും പ്രബന്ധാവരണം നടത്തി. പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.