വെള്ളരിക്കുണ്ടിനെ ചുവപ്പണിയിച്ച് സി.പി.ഐ ജില്ലാ സമ്മേളനത്തിന് പ്രൗഢ തുടക്കം

വെള്ളരിക്കുണ്ട്: സി.പി.ഐ ജില്ലാ സമ്മേളനത്തിന് വെള്ളരിക്കുണ്ടില്‍ ഉജ്ജ്വല തുടക്കം. ഇങ്ക്വിലാബ് വിളികളുടെ ആരവത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ് കുര്യാക്കോസ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചത്. മലയോരത്ത് ആദ്യമായാണ് സി.പി.ഐ ജില്ലാ സമ്മേളനം നടക്കുന്നത്. കാനം രാജേന്ദ്രന്‍ നഗറില്‍ ആരംഭിച്ച സമ്മേളനത്തിന് മുന്നോടിയായി പൊതുജന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ നിന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, ജില്ലാ സെക്രട്ടറി എ. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിച്ചു.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നു മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവിയുടെ നേതൃത്വത്തിലും കൊടിമരം എളേരിത്തട്ട് പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കിസാന്‍സഭ ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിലും എത്തിച്ചു.
മൂന്നു ജാഥകളും ടൗണില്‍ സംഗമിച്ച് റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചോടെ നീങ്ങിയപ്പോള്‍ വെള്ളരിക്കുണ്ട് ടൗണ്‍ ചെങ്കടലായി മാറി. ബാന്റ് വാദ്യസംഘത്തിന്റെ അകമ്പടിയോടെ നടന്ന മാര്‍ച്ച് ക്യാപ്റ്റന്‍ ജില്ലാ കൗണ്‍സിലംഗം കരുണാകരന്‍ കുന്നത്ത് നയിച്ചു. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണനും പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബുവും കൊടിമരം സംഘാടകസമിതി കണ്‍വീനര്‍ എം. കുമാരനും ഏറ്റുവാങ്ങി.
ബി.വി രാജന്‍ നഗറില്‍ പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ തുടക്കം കുറിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയില്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് പി.എ നായര്‍ പതാക ഉയര്‍ത്തി.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍, മന്ത്രിമാരായ ജി.ആര്‍ അനില്‍, പി. പ്രസാദ്, ദേശീയ കൗണ്‍സില്‍ അംഗം പി. വസന്തം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.പി മുരളി, കെ.കെ അഷ്‌റഫ്, ടി.വി ബാലന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
നാളെ വൈകിട്ട് സമാപന സമ്മേളനം നടക്കും.
സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളരിക്കുണ്ടില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ് കുര്യാക്കോസ് പതാക ഉയര്‍ത്തുന്നു