11ാം വയസില്‍ പാട്ട് പുസ്തകങ്ങള്‍ തലയിലേറ്റി വില്‍പ്പന; ഹൃദയം തൊടുന്ന ഓര്‍മ്മകള്‍ അയവിറക്കി എം.എച്ച് സീതി

കാസര്‍കോട്: ആദരവ് ചാര്‍ത്താന്‍ കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തകരെത്തിയപ്പോള്‍ മാപ്പിളപ്പാട്ട് രചിയിതാവും കവിയുമായ എം.എച്ച് സീതിയുടെ ഓര്‍മ്മകള്‍ കടല്‍ത്തിര പോലെ ഇരമ്പി. 11-ാം വയസില്‍ വാപ്പയുടെ വേര്‍പാടോടെ അനാഥനായതും കുടുംബഭാരം തലയിലേറ്റി പാട്ട് പുസ്തകങ്ങള്‍ അടക്കമുള്ളവ പെട്ടിയിലാക്കി നടന്നുചെന്ന് വിറ്റതും ചെമ്മനാട്ടെ അബ്ദുല്‍ റഹീം മാസ്റ്ററുടെ കീഴില്‍ അക്ഷരങ്ങള്‍ പഠിച്ചതും മദ്രസാധ്യാപകനും പോസ്റ്റ് മാസ്റ്ററുമായതും ടി. ഉബൈദിന്റെ ശിഷ്യത്വം സ്വീകരിച്ച് മാപ്പിളപ്പാട്ടുകളും കവിതകളും എഴുതി തുടങ്ങിയതും പാട്ട് പുസ്തകങ്ങള്‍ ഇറക്കിയതും കാസര്‍കോട് നഗരത്തില്‍ അനീസാ ബുക്ക് സ്റ്റാളിന് തുടക്കം കുറിച്ചതും കെ.എം. അഹ്മദ് പത്ര ഏജന്‍സി തുടങ്ങാന്‍ നിര്‍ബന്ധിച്ചതും അനേകം പേര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കി ഡോ. അബ്ദുല്‍ ഹമീദിനൊപ്പം ഫ്രൈഡെ ക്ലബ്ബിനെ നയിച്ചതും, ആദ്യം വിമര്‍ശിച്ചവര്‍ ശുപാര്‍ശ കത്തുകളുമായി എത്തിയതും... അങ്ങനെയങ്ങനെ ജീവിതത്തിന്റെ നാള്‍വഴികള്‍ ഓരോന്നായി എം.എച്ച് സീതി വിവരിച്ചപ്പോള്‍ ചുറ്റുമിരുന്നവര്‍ സാകൂതം കേട്ടിരുന്നു. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ സേവനം അര്‍പ്പിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് എം.എച്ച് സീതിയുടെ എരുതുംകടവിലെ വീട്ടിലെത്തിയത്. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി പൊന്നാടയണിയിച്ചും എഴുത്തുകാരന്‍ അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ ഉപഹാരം നല്‍കിയും സീതിയെ ആദരിച്ചു. ജനറല്‍ സെക്രട്ടറി എം.വി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫലി ചേരങ്കൈ, ടി.എ ഷാഫി, സി.എല്‍ ഹമീദ്, ഷാഫി എ. നെല്ലിക്കുന്ന്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെ.എച്ച് മുഹമ്മദ്, റഹീം ചൂരി, വേണു കണ്ണന്‍, മുംതാസ് ടീച്ചര്‍, സിദ്ദീഖ് പടുപ്പില്‍, രേഖ ടീച്ചര്‍, ഖലീലുല്ലാഹ് ചെംനാട്, തസ്‌നിം, ഫരീദ് സംസാരിച്ചു. ട്രഷറര്‍ എരിയാല്‍ ഷെരീഫ് നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it