പട്ടയമേള സെപ്റ്റംബര്‍ ഒന്നിന്; ജില്ലയില്‍ രണ്ടായിരം പട്ടയങ്ങള്‍ വിതരണം ചെയ്യും

കാസര്‍കോട്: ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നിന് രണ്ടായിരം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം ചരിത്രമാകുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഐ.എല്‍.ഡി.എമ്മില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കാസര്‍കോട് ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സങ്കീര്‍ണമായ നിരവധി പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദിവാസി മേഖലയിലെ ഭൂപ്രശ്‌നങ്ങളടക്കം പരിഹരിച്ചു വരികയാണ്. 2024-25ല്‍ 1471 പട്ടയങ്ങള്‍ നല്‍കിക്കഴിഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികളെല്ലാം മുന്‍ഗണനാ ക്രമത്തില്‍ നടപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആകെയുള്ള 85 വില്ലേജുകളില്‍ 40 എണ്ണവും സ്മാര്‍ട്ട് വില്ലേജുകളാക്കി. ഡിജിറ്റല്‍ റീസര്‍വെ ഊര്‍ജിതമായി നടക്കുന്ന ജില്ലയാണ് കാസര്‍കോട്. ഒന്നാംഘട്ടത്തില്‍ 9,849.0852 ഹെക്ടറിലും രണ്ടാംഘട്ടത്തില്‍ 25,493.1986 ഹെക്ടറിലും മൂന്നാംഘട്ടത്തില്‍ 991.7881 ഹെക്ടറിലും ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി അറിയിച്ചു. ജില്ലയിലെ എം.എല്‍.എമാരായ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എ.കെ.എം അഷ്‌റഫ് തുടങ്ങിയവരും കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരനും അസംബ്ലിയില്‍ പങ്കെടുത്തു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു തയ്യാറാക്കി നല്‍കിയ ആവശ്യങ്ങള്‍ എന്‍.എ നെല്ലിക്കുന്ന് അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കഴിഞ്ഞ 21ന് ഇടുക്കി ജില്ലാ റവന്യു അസംബ്ലിക്ക് ശേഷം യോഗ ഹാളില്‍ നിന്നും മടങ്ങുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗ നടപടികള്‍ തുടങ്ങിയത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it