പ്രാദേശിക സാമ്പത്തിക വികസനം വ്യവസായിക മുന്നേറ്റത്തിന്റെ അടിസ്ഥാനം-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: പ്രവാസികളേറെയുള്ള കാസര്‍കോട് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രാദേശിക സാമ്പത്തിക വികസനമാണ് വ്യാവസായിക മുന്നേറ്റത്തിന്റെ അടിസ്ഥാന ഘടകമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് നടത്തുന്ന 'കാസര്‍കോട് ഇന്നലെ, ഇന്ന്, നാളെ' വികസന സെമിനാറിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംരഭകത്വ കാസര്‍കോട് എന്ന ആശയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സ്‌കില്‍ പാര്‍ക്ക് ഇന്ന് നിരവധിയാളുകള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. […]

കാസര്‍കോട്: പ്രവാസികളേറെയുള്ള കാസര്‍കോട് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രാദേശിക സാമ്പത്തിക വികസനമാണ് വ്യാവസായിക മുന്നേറ്റത്തിന്റെ അടിസ്ഥാന ഘടകമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബുമായി ചേര്‍ന്ന് നടത്തുന്ന 'കാസര്‍കോട് ഇന്നലെ, ഇന്ന്, നാളെ' വികസന സെമിനാറിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംരഭകത്വ കാസര്‍കോട് എന്ന ആശയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സ്‌കില്‍ പാര്‍ക്ക് ഇന്ന് നിരവധിയാളുകള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളിലുള്ള കമ്പനികളുടെ ജോലികള്‍ നാട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്നുണ്ട്. വര്‍ക് നിയര്‍ ഹോം എന്ന ആശയം വഴി ഓരോ പ്രൊഫഷണലിന്റെയും വരുമാനത്തിന്റെ നിശ്ചിത ശതമാനം നാട്ടില്‍ തന്നെ വിനിയോഗിക്കാനും കഴിയുമ്പോള്‍ പ്രാദേശികമായി പല തട്ടുകളില്‍ ജീവിക്കുന്നവരുടെ സാമ്പത്തിക വികസനത്തിന് വഴി വെക്കുന്നുണ്ട്. നിലവില്‍ കാസര്‍കോട് ജില്ലക്കാരുടെ നിക്ഷേപങ്ങളെല്ലാം ഉള്ളത് സംസ്ഥാനത്തിന് പുറത്താണ്. ഇതിന് മാറ്റം വരുത്തുകയും നിക്ഷേപങ്ങള്‍ നാട്ടില്‍ തന്നെ നടത്താന്‍ കഴിയുന്നതിനുള്ള പ്രോത്സാഹനം നല്‍കുകയും വേണം. നിലവില്‍ വ്യവസായ സംരഭങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ ലഭ്യമാകാന്‍ പ്രയാസങ്ങളേറെയായിരുന്നുവെങ്കില്‍ ഇന്ന് ഏകജാലക സംവിധാനം വന്നതോട് കൂടി അതിന് മാറ്റം സംഭവിച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റേണ്‍സിന്റെ സേവനം ലഭ്യമാകുമ്പോള്‍ പദ്ധതി രൂപീകരണത്തിലുള്‍പ്പെടെ സംരഭകര്‍ക്ക് അത് സഹായകമാകുന്നു. നിലവില്‍ ജില്ലയുടെ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വ്യവസായ വകുപ്പിനും സംരഭകര്‍ക്കും സാധിക്കുന്നു എന്നത് വലിയൊരു കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നുവെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പ്രതികരണം അറിയിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വോയ്സ് ഓഫ് കാസര്‍കോട് ക്യൂ ആര്‍ കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രസ്‌ക്ലബ് സെക്രട്ടറി കെ.വി. പത്മേഷിന് നല്‍കി പ്രകാശനം ചെയ്തു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ പി.സി. സുരേഷ്‌കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രദീപ് നാരായണന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it