തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കേരള ബാങ്കില്‍ നടക്കുന്നത്.
അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് ശുപാര്‍ശയെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പഠിക്കാതെയാണ് സഹകരണ റജിസ്ട്രാറുടെ അംഗീകാരം തേടാതെ വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്.
ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനായി ശുപാര്‍ശ ചെയ്യും മുമ്പ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കിയതോടെ വേഗത്തില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. ഇത് പരിഹരിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കേരളബാങ്ക് ശ്രമം.